ആക്രമണത്തിന് മുമ്പ് പൊലീസുകാരോട് വണ്ടിക്ക് പുറത്തിറങ്ങിയാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായത്.

കൊച്ചി: എറണാകുളത്തെ ഞാറക്കലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ ഇന്ന് മജിസ്ട്രേന് മുന്നിൽ ഹാജരാക്കും. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തിൽ മുന്ന എന്ന പ്രജിത്ത്, മുന്നയുടെ സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മുമ്പ് പൊലീസുകാരോട് വണ്ടിക്ക് പുറത്തിറങ്ങിയാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടിയിലായ മുന്ന മുമ്പ് കൊലക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞ്. കൊലക്കേസിൽ പ്രതിയാകുമ്പോൾ മുന്നക്ക് പ്രായപൂർത്തിയായിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതികളുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. അന്ന് പ്രതികൾ ബസ് ജീവനക്കാരോട് 1500 രൂപ ചോദിച്ച് വാങ്ങി, പിന്നീട് 10,000 വേണമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ ബസ് പാർക്ക് ചെയ്യുന്ന സമയം നോക്കി പ്രതികളെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. പണം ചോദിച്ച് പ്രതികൾ ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയായിരുന്നു.

പെട്രോൾ പമ്പിൽവെച്ച് ബസിലെ തൊഴിലാളികളെ ക്രൂരമായി മർദിച്ചുവെന്ന വിവരത്തെ തുടർന്നാണ് പൊലീസുകാർ എത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ആണ് പൊലീസുകാർക്ക് കുത്തേറ്റത്. പൊലീസുകാരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.