ജയ്പൂര്‍: ജയ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ദിരാ ബസാറില്‍ തീപിടുത്തം. ബസാറിലെ പടക്കക്കടയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കടകകളിലേക്കും തീ പടര്‍ന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് കത്തി നശിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. നാല് മണിക്കൂറോളം അഗ്നിശമനസേനാ വിഭാഗം നടത്തിയ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. 

''തിരക്കേറിയ ഇന്ദിരാ ബസാറിലെ ഒരു പടക്കക്കടയ്ക്കാണ് തീപിടിച്ചത്. ഇത് സമീപത്തെ മറ്റ് ഏഴ് കടകളിലേക്കും വ്യാപിച്ചു. നാല് മണിക്കൂര്‍ സമയമെടുത്താണ് ത നിയന്ത്രണവിധേയമാക്കിയത്. 20 അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.'' അഗ്നിശമനസേനാ തലവന്‍ ജഗ്ദിഷ് ഫുല്‍വാരിയ പറ‌ഞ്ഞു. 

സംഭവത്തിനിടെ ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.