തിരുവനന്തപുരത്ത് നിന്ന് മൂന്ന് യൂണിറ്റും നെടുമങ്ങാട് നിന്ന് ഒരു യൂണിറ്റും നടത്തിയ രക്ഷാ ദൗത്യത്തിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് തീയണക്കാനായത്. പുക പുറത്തുപോകാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു.
തിരുവനന്തപുരം: കരകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആശുപത്രിയുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചു. ഇന്ന് രാവിലെയായിരുന്നു തീപിടിത്തം. കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിൽ ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം കെട്ടിടത്തിലാകെ വലിയ തോതിൽ പുക പടരുകയായിരുന്നു. പത്തരയോടെ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും പ്രദേശവാസികളും ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. രോഗികളെയെല്ലാം സുരക്ഷാ സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട് ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് മൂന്ന് യൂണിറ്റും നെടുമങ്ങാട് നിന്ന് ഒരു യൂണിറ്റും നടത്തിയ രക്ഷാദൗത്യത്തിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് തീയണക്കാനായത്. പുക പുറത്തുപോകാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. കെട്ടിടത്തിനുള്ളിൽ പുക കെട്ടിക്കിടന്നത് മൂലം റൂഫ് പൊളിച്ച് വെന്‍റിലേഷൻ തയ്യാറാക്കിയ ശേഷമാണ് ഫയർഫോഴ്‌സ് അംഗങ്ങൾക്ക് ഉള്ളിലേക്ക് കടക്കാനായത്.
തുടർന്ന് ഓക്സിജൻ സെറ്റ് ഉൾപ്പടെ ധരിച്ച് അകത്തു പ്രവേശിച്ച സേനാംഗങ്ങളും പരിശ്രമത്തിൽ തീ നിയന്ത്രണവിധേയമായി. ഫയർഫോഴ്‌സിന്‍റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. നാശനഷ്ടം കണക്കാക്കിവരുന്നേയുള്ളുവെന്നും ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


