സ്ഥിതി മോശമാകുന്നത് മനസ്സിലാക്കി പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. എങ്ങോട്ട് പോകണമെന്ന് അറിയാത്ത ചിലർ ഇപ്പോഴും ഭയപ്പാടോടെ സ്വന്തം വീടുകളിൽ കഴിയുകയാണ്.
ശ്രീനഗര്‍: ഇന്ത്യാ പാകിസ്ഥാൻ ബന്ധം വഷളായതോടെ കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂട്ടപലായനം തുടങ്ങി. അറിയിപ്പ് വന്നാലുടൻ വീട് വിട്ടുപോകാൻ സജ്ജരായിരിക്കാൻ ആണ് അതിർത്തി പ്രദേശങ്ങളിൽ നല്‍കിയിരിക്കുന്ന ഔദ്യോഗിക നിർദ്ദേശം. അതിർത്തിയിലെ സംഘർഷാത്മക സാഹചര്യത്തിന്റെ ഭീതിയിലാണ് അതിർത്തിയിലെ പൂഞ്ച് രജൗരി മേഖലകൾ.
ഏത് നിമിഷവും അതിർത്തിക്കപ്പുറത്തുനിന്നും മിസൈലുകൾ വരാം. ഭയം തളം കെട്ടിയ അന്തരീക്ഷത്തിൽ ഇടക്കിടെ സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ശബ്ദം ഉയർന്നു കേൾക്കുന്നു. സ്ഥിതി മോശമാകുന്നത് മനസ്സിലാക്കി പലരും വീടുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. എങ്ങോട്ട് പോകണമെന്ന് അറിയാത്ത ചിലർ ഇപ്പോഴും ഭയപ്പാടോടെ സ്വന്തം വീടുകളിൽ കഴിയുകയാണ്.
മലമുകളിൽനിന്നുയരുന്ന പുക കണ്ട് നെടിവീർപ്പിടുകയാണ് ഇവർ. വ്യോമാക്രമണം ഉണ്ടാകുമ്പോൾ ഉറപ്പുള്ള മേൽക്കൂരയുള്ള എവിടേക്കെങ്കിലും മാറണമെന്നാണ് ഗ്രാമവാസികൾക്കുള്ള നിർദ്ദേശം. ആക്രമണം രൂക്ഷമായാൽ പാകിസ്ഥാൻ മിസൈലുകൾക്ക് എത്താൻ കഴിയാത്ത ദൂരത്തേക്ക് മാറണം. ഏത് നിമിഷവും വീടുവിട്ടുപോകാൻ തയ്യാറാകണമെന്നും നിർദ്ദേശം വിശദമാക്കുന്നു. മലമുകളിൽ പുക ഉയരുമ്പോൾ ആശങ്കയും പുകയുകയാണ് ഇവരുടെ നെഞ്ചിൽ. യുദ്ധ ഭീതിയിലാണ് ഇവർ ഓരോ നിമിഷവും തള്ളിനീക്കുന്നത്.
