ദില്ലി/ ബെംഗളുരു: അമേരിക്കയിലെ ടെക്സസിൽ നിന്ന് ബെംഗളുരുവിൽ തിരികെയെത്തിയയാൾക്കും ഇറ്റലിയിൽ നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയ മധ്യവയസ്കനും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 45 ആയി. കൊവിഡ് 19 ബാധ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ദില്ലി, കേരളം എന്നിവയാണ്. ബെംഗളുരുവിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, അവർ പഠിക്കുന്ന സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. 

അന്താരാഷ്ട്രയാത്രകൾക്ക് ശേഷം തിരികെയെത്തുന്നവരെല്ലാം വിമാനത്താവളങ്ങളിൽ വിവരമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. രോഗലക്ഷണങ്ങളുണ്ടങ്കിലും, ഇല്ലെങ്കിലും തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ജില്ലാ ഭരണകൂടത്തിന്‍റെ കേന്ദ്രത്തിലോ തദ്ദേശഭരണസ്ഥാപനങ്ങളിലോ വിവരങ്ങൾ നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 45 കേസുകൾ സ്ഥിരീകരിച്ചതിൽ 42 കേസുകളും ആക്ടീവ് കേസുകളാണ്. 

യുഎസ്സിലെ ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് തിരികെയെത്തിയ ടെക്കിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോ‍ർക്കിൽ നിന്ന് ദുബായ് വഴി ബെംഗളുരുവിൽ ഇദ്ദേഹം എത്തിയത് മാർച്ച് ഒന്നിനാണ്. നാൽപത് വയസ്സുകാരനാണ് ഇദ്ദേഹം. മാർച്ച് അഞ്ചിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജമ്മു കശ്മീരിലേക്ക് ഇറാനിൽ നിന്ന് തിരികെയെത്തിയ 63 വയസ്സുകാരിയായ വൃദ്ധയ്ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് കേസായിരുന്നു ഇത്. 

ഇന്ന് സ്ഥിരീകരിച്ച മറ്റൊരു കേസ് കേരളത്തിലാണ്. ഇറ്റലിയിൽ നിന്ന് മാതാപിതാക്കളുടെ ഒപ്പം എത്തിയ മൂന്ന് വയസ്സുകാരനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ ആകെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച മറ്റ് മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ട് പേർക്കും, തമിഴ്‍നാട്ടിലെ ഒരാൾക്കും. 

രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിന്‍റെ ഭാഗമായി 1500 പേരെ ഉൾക്കൊള്ളാൻ കവിയുന്ന ഒരു ക്വാറന്‍റൈൻ സംവിധാനം തയ്യാറാക്കാൻ സൈന്യത്തിന് കേന്ദ്രസർക്കാർ നിർദേശം നൽകി. 

Read more at: വി മുരളീധരന്‍റെ വാദം പൊളിഞ്ഞു; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം അയക്കും. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇറാനിലുണ്ട്. ഇവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രക്ഷിതാക്കൾക്ക് ഉറപ്പു നല്‍കി. ഇന്ന് ശ്രീനഗറിൽ നേരിട്ടെത്തിയാണ് എസ് ജയശങ്കർ ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കണ്ടത്. 

മലയാളികൾ ഉൾപ്പടെ നിരവധി മത്സ്യതൊഴിലാളികളും ഇറാനിൽ കുടുങ്ങിയിരുന്നു. ഇവരെ എംബസി തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മത്സ്യത്തൊഴിലാളികളെയും ഇതേ വിമാനത്തിൽ തിരികെ എത്തിക്കുമോയെന്ന് വ്യക്തമല്ല.