ദില്ലി: ദില്ലിയിലെ ലോക്ഡൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ മരണം കൊവിഡ് വൈറസ് ബാധിച്ചെന്ന് പരിശോധനാഫലം. ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അമിത് കുമാറാണ് ഇന്നലെ മരിച്ചത്. സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ്  ബാധിച്ചാണ് മരണമെന്ന് വ്യക്തമായത്. ഇതാദ്യമായിട്ടാണ് ദില്ലി പൊലീസിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുന്നത്. 

സ്വകാര്യ ലാബിലെ ഫലം പോസ്റ്റീവായെങ്കിലും സർക്കാർ ആശുപത്രിയിലെ ഫലം കൂടി ലഭിച്ചതിനു ശേഷമാകും ഔദ്യോഗിക അറിയിപ്പെന്ന് ദില്ലി പൊലീസ് പിആർഒ വ്യക്തമാക്കി. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തവരോട് ഐസൊലേഷനില്‍ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പനിയും ശ്വാസതടസവുമടക്കമുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദില്ലിയില്‍ ഇതുവരെ 70 ഓളം പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 9 പേര്‍ക്ക് രോഗം ഭേദമായി.