ദില്ലി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ ആദ്യഘട്ട പരീക്ഷണം ദില്ലി എയിംസിലും തുടങ്ങി. മുപ്പത് കാരനാണ് വാക്സിന്‍ നല്‍കിയത്. ഉച്ചക്ക് ഒന്നരയോടെയാണ് കോവാക്സിന്‍ പരീക്ഷിച്ചത്. ദശാംശം അഞ്ച് മില്ലി വാക്സിനാണ് ആദ്യ ഡോസായി നല്‍കിയത്. തുടക്കത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും.

ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ ചിലര്‍ക്ക് ഒരു ഡോസ് മതിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ 375 സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടം 750 പേര്‍ക്ക് വാക്സിന്‍ നല്‍കും. ദില്ലി എയിംസ് അടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ 18നും 55 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ പരീക്ഷിക്കുന്നത്.

അതേസമയം കൊവിഡിനെ പിടിച്ചു കെട്ടാന്‍ രാജ്യം തീവ്രശ്രമത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ സാഹചര്യം വിലയിരുത്തുന്നുവെന്നും വൈറസിനെ തുരത്താനുള്ള എല്ലാ പരിശ്രമവും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിദിന രോഗബാധ  അയ്യായിരത്തിനും എണ്ണായിരത്തിനുമിടയിലെത്തിയ  ആന്ധ്രപ്രദേശ്, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘത്തെ അയക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രം വിളിച്ച അടിയന്തര യോഗത്തില്‍ ചര്‍ച്ചയായി.