ജൂണ്‍ 15-നാണ് മിഷന്‍ ഡെനാലിക്ക് വേണ്ടി അപര്‍ണ ഇന്ത്യയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ജൂലൈ 10-ഓടെ മിഷന്‍ പൂര്‍ത്തിയാക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ അപര്‍ണ ലക്ഷ്യം പൂര്‍ത്തിയാക്കി.
ദില്ലി: ലോകത്തെ ഏഴുകൊടുമുടികളും കീഴടക്കുന്ന ആദ്യ ഐ പി എസ് ഉദ്യോഗസ്ഥയെന്ന ഖ്യാതി സ്വന്തമാക്കി അപര്‍ണ കുമാര്‍. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഡെനാലി കൊടുമുടി കീഴടക്കിയാണ് അപര്‍ണ ഈ നേട്ടം കരസ്ഥമാക്കിയത്. എവറസ്റ്റ്, അകൊന്‍കാഗ്വ എന്നീ കൊടുമുടികള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്.
അലാസ്കയില്‍ സ്ഥിതി ചെയ്യുന്ന ഡെനാലി കൊടുമുടി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,190 മീറ്റര്‍ ഉയരത്തിലാണ്. ഞായറാഴ്ചയാണ് അപര്‍ണ കൊടുമുടി കീഴടക്കിയത്. അപര്‍ണയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.
ജൂണ്‍ 15-നാണ് മിഷന്‍ ഡെനാലിക്ക് വേണ്ടി അപര്‍ണ ഇന്ത്യയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ജൂലൈ 10-ഓടെ മിഷന്‍ പൂര്‍ത്തിയാക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ അപര്‍ണ ലക്ഷ്യം പൂര്‍ത്തിയാക്കി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനെയും മൈനസ് 40 ഡിഗ്രി കാലാവസ്ഥയെയും അതിജീവിച്ചാണ് അപര്‍ണ കൊടുമുടി കീഴടക്കിയത്.
2002 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥയായ അപര്‍ണ കുമാര്‍ ഡെറാഡൂണില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസായി സേവനം അനുഷ്ഠിക്കുകയാണ്. ഇന്ത്യന്‍ പതാകയും ഐടിബിപിയുടെ പതാകയും വീശിയാണ് അപര്‍ണ വിജയം ആഘോഷിച്ചത്. ദക്ഷിണധ്രുവം കീഴടക്കിയ അപര്‍ണ 2020-ഓടെ ഉത്തരധ്രുവം കൂടി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
മുഴുവന്‍ പൊലീസ് സഹോദരങ്ങള്‍ക്കും വേണ്ടിയാണ് അപര്‍ണയുടെ നേട്ടമെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും ഐടിബിപി എഡിജി ആര്‍ കെ മിശ്ര പറഞ്ഞു.
