Asianet News MalayalamAsianet News Malayalam

New Covid 19 variant : ആശ്വാസം; മുംബൈയിലേത് XE വകഭേദമല്ലെന്ന് കേന്ദ്ര ഏജൻസിയിലെ വിദഗ്ധര്‍

ജീനോം സീക്വൻസ് പഠിച്ചപ്പോൾ അത് എക്സ് ഇ വകഭേദത്തിൻ്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. 

First XE Covid Variant Case in Mumbai INSACOG Claims Genome Sequencing Doesn't Say So
Author
Delhi, First Published Apr 6, 2022, 8:18 PM IST

മുംബൈ: കൊറോണ വൈറസിൻ്റെ എക്സ് ഇ (XE) വകഭേദം ഒരാളിൽ സ്ഥിരീകരിച്ചെന്ന മുംബൈ കോർപ്പറേഷൻ്റെ കണ്ടെത്തൽ തെറ്റെന്ന് സൂചന. എക്സ് ഇ സംശയിക്കുന്ന ജീനോം സീക്വൻസിങ്ങ് ഫലം വിശദമായി പരിശോധിച്ച കേന്ദ്ര ഏജൻസിയിലെ വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജീനോം സീക്വൻസ് എക്സ് ഇയ്ക്ക് സമാനമല്ലെന്നാണ് കണ്ടെത്തലെന്ന് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യയിലെ (ഇൻസകോഗ്) വിദഗ്ദരാണ് ജീനോം സീക്വൻസിനെ വിശകലനം ചെയ്തത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉടൻ നൽകിയേക്കും. മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ വച്ച് 230 സാമ്പിളുകൾ ജീനോം സീക്വൻസിങ്ങ്  നടത്തിയെന്നും ഫലം വന്നപ്പോൾ ഒന്ന് എക്സ് ഇ വകഭേദമാണെന്ന് കണ്ടെത്തിയെന്നുമാണ് കോർപ്പറേഷൻ പ്രസ്താവനയിറക്കിയത്. കോസ്റ്റ്യൂം ഡിസൈനർ ആയ ഒരു സ്ത്രീയിലാണ് എക്സ് ഇ വകഭേദം സംശയിക്കുന്നത്. മാർച്ച് രണ്ടിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും.

അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്സ് ഇ. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് എക്സ് ഇ വകഭേദം. 

എന്താണ് XE വകഭേദം?

ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന്
കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ എക്സ് ഇ വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ എക്സ് ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, എക്സ് ഇ ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കേരളത്തില്‍ 361 പേര്‍ക്ക് കൊവിഡ് 

സംസ്ഥാനത്ത് 361 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.  

Follow Us:
Download App:
  • android
  • ios