ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന റോഡപകടത്തിൽ കാർ യാത്രികരായ അഞ്ചുപേർ മരിച്ചു, ഒരു കുട്ടിക്ക് പരിക്ക്.
മെയിൻപുരി: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന റോഡപകടത്തിൽ കാർ യാത്രികരായ അഞ്ചുപേർ മരിച്ചു. ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്രയിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ചിബ്രമൗവിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കനൗജിലെ ചിബ്രമൗവിൽ താമസിക്കുന്ന ദീപക് (36), ഭാര്യ പൂജ (34), ഇവരുടെ മകൾ ആഷി (9), ദീപക്കിന്റെ സഹോദരി സുജാത (35), സുജാതയുടെ മകൾ ആര്യ (4) എന്നിവരാണ് മരിച്ചത്. ദീപക്കിൻ്റെ മകൾ ആരാധ്യയെ (11) ഗുരുതര പരിക്കുകളോടെ സൈഫായ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജി.ടി. റോഡ് ഹൈവേയിൽ നാഗ്ല താൽ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മഴയെത്തുടർന്ന് ഹൈവേയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. അതുവഴി കടന്നുപോയ ട്രക്കിന്റെ ചക്രങ്ങൾ വെള്ളക്കെട്ടുള്ള കുഴിയിൽ വീണ് തെറിപ്പിച്ച വെള്ളം ദീപക്കിന്റെ കാറിൻ്റെ വിൻഡ്ഷീൽഡിൽ പതിച്ചു. ഇതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡർ കടന്ന് എതിർവശത്തുള്ള ലെയ്നിൽ എത്തുകയും, ഗർഡറുകൾ കയറ്റിവന്ന ഒരു ട്രോളിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
ദീപക്കിൻ്റെ ഇളയ സഹോദരൻ രാകേഷിന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടം കഴിഞ്ഞ് അഞ്ച് മിനിറ്റിന് ശേഷം അതേ സ്ഥലത്ത് മറ്റൊരു അപകടവും സംഭവിച്ചു. പിന്നിൽ നിന്ന് വന്ന ഒരു പിക്ക്-അപ്പ് വാൻ ഡി.സി.എം. ട്രക്കിന് പിന്നിലിടിച്ച് ഡ്രൈവറായ എഹ്സാൻ വാഹനത്തിൽ കുടുങ്ങി. ഇദ്ദേഹത്തെ നാട്ടുകാരുടെയും പോലീസിൻ്റെയും സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


