കോയമ്പത്തൂര്‍ സ്വദേശികളായ റോയ് റോജ്(45), ചിന്ന ദുരൈ (55), ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജ്(27), സത്താര്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്

കോഴിക്കോട്: പേരാമ്പ്രയില്‍ സംസ്ഥാന പാതയ്ക്കരികിലെ മരത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കോയമ്പത്തൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ റോയ് റോജ്(45), ചിന്ന ദുരൈ (55), ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജ്(27), സത്താര്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോയമ്പത്തൂരില്‍ നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്നു ഇവര്‍. 

പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്തുവെച്ച് ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പ്ലാവിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചിന്നദുരൈ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രദേശത്ത് ഈ സമയം കനത്ത മഴയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് സൂചനയുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. റോയ് രാജിനെയും ചിന്നദുരൈയെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ തര്‍ബാജിനെയും, സത്താറിനെയും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ കാറിന്‍റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്. നാലുപേരും കുറ്റ്യാടിയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരാണ്.