ബസ് ഡ്രൈവർ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍
ചിത്രദുര്‍ഗ: കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് (കെഎസ്ആര്‍ടിസി) ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ ഹിരിയൂർ താലൂക്കിൽ ഗൊല്ലഹള്ളിക്ക് സമീപമാണ് സംഭവം. അഞ്ച് വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റായ്ച്ചൂർ ജില്ലയിലെ മാസ്കി സ്വദേശി രവി (23), മാൻവി സ്വദേശി നർസന്ന (5), ബെംഗളൂരു സ്വദേശികളായ മബാമ്മ (35), പാർവതമ്മ (53) എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരുടെ മരണം അടുത്തുള്ള ആശുപത്രികളിൽ ചികിത്സക്കിടെയാണ് സംഭവിച്ചത്.
പരിക്കേറ്റ എട്ട് യാത്രക്കാരെ ചിത്രദുർഗ ജനറൽ ആശുപത്രിയിലേക്കും ചള്ളക്കെരെ ടൗണിലെ താലൂക്ക് ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു. കര്‍ണാടക ആർടിസി ഡ്രൈവർ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് ധർമ്മേന്ദർ കുമാർ മീണ അറിയിച്ചു. പതുക്കെ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ ഇടതുവശം പൂർണമായും തകർന്നെന്നും പൊലീസ് പറഞ്ഞു.
അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറി, റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
ഇന്ന് തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം.
ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയിൽ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടർന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.
അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
