​കൊഹിമ: തടവുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. നാഗാലാന്റിലെ വോഖ ജില്ലയിലെ സബ് ജിയിലിലാണ് സംഭവം. അസിസ്റ്റന്റ് ജയിലർ ഉൾപ്പടെ ഉള്ളവരെയാണ് അധികാരികൾ സസ്പെൻഡ് ചെയ്തത്. കൂടാതെ പന്ത്രണ്ട് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

ഡിസംബർ 26നാണ് സംഭവം നടന്നത്. യാൻബെമോ മൊസുയി എന്നയാളാണ് പൊലീസുകാരുടെ മർദ്ദനത്തിനിടെ മരിച്ചത്. വോഖ ജില്ലയിലെ ഭണ്ഡാരി പട്ടണത്തിലെ ഒരു ബാങ്ക് ശാഖയിൽ സെക്യൂരിറ്റി ഗാർഡുകൾക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസുദ്യോ​ഗസ്ഥർ അറിയിച്ചു. സംസ്ഥാന ജയിൽ ഡയറക്ടർ ജനറൽ, സുൻഹെബോട്ടോ ജയിലിലെ സൂപ്രണ്ട് എന്നിവർക്കാണ് അന്വേഷണ ചുമതല. ഡിസംബർ 27 ന് പുറപ്പെടുവിച്ച ഉത്തരവിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.