Asianet News MalayalamAsianet News Malayalam

'പണി അത്ര പോരാ', അഞ്ച് പൊലീസുകാരെ ലോക്കപ്പിലടച്ച് ഉന്നത ഉദ്യോഗസ്ഥൻ; നടപടി വേണമെന്ന് അസോസിയേഷൻ

അവരുടെ പ്രവർത്തനത്തിൽ അതൃപ്തനായതാണ് പൊലീസുകാരെ രണ്ട് മണിക്കൂർ ലോക്കപ്പിൽ അടച്ചിടാൻ സൂപ്രണ്ടിനെ പ്രേരിപ്പിച്ചത്.

five police officers being jailed for two hours in Bihar by a senior officer
Author
First Published Sep 11, 2022, 11:57 AM IST

പാറ്റ്ന : പൊലീസ് ജനങ്ങളെ ശിക്ഷിച്ചതിന്റെ പേരിൽ പല പരാതികളും ആരോപണങ്ങളും ഉയർന്നുവരാറുണ്ട്. എന്നാൽ സ്വന്തം സഹപ്രവർത്തകരെ ജയിലിലടച്ചുവെന്ന പരാതിയാണ് ഇപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ ഉയർന്നിരിക്കുന്നത്. ബീഹാറിലെ നവാഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് ആണ് തന്റെ സഹപ്രവർത്തകരായ അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥരെ രണ്ട് മണിക്കൂറോളം ലോക്കപ്പിലടച്ചത്. 

അവരുടെ പ്രവർത്തനത്തിൽ അതൃപ്തനായതാണ് പൊലീസുകാരെ രണ്ട് മണിക്കൂർ ലോക്കപ്പിൽ അടച്ചിടാൻ സൂപ്രണ്ടിനെ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഞ്ച് ബീഹാർ പൊലീസുകാർ ലോക്കപ്പിനുള്ളിൽ പരസ്പരം സംസാരിക്കുന്നത് കാണാം. മൂന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരുടെയും രണ്ട് സബ് ഇൻസ്‌പെക്ടർമാരുടെയും പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ നവാഡ എസ്പി ഗൗരവ് മംഗള ഇവരെ വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂർ ലോക്കപ്പിൽ അടച്ചു.

എന്നാൽ, ഇത് വ്യാജവാർത്തയാണെന്നാണ് സുപ്രണ്ട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിഹാർ പൊലീസ് അസോസിയേഷൻ ശനിയാഴ്ച ആവശ്യപ്പെട്ടു. എസ്പിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആവർത്തിച്ചുള്ള കോളുകളോട് അദ്ദേഹം പ്രതികരിച്ചില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് മൃത്യുഞ്ജയ് കുമാർ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

"ഞങ്ങളുടെ നവാഡ ബ്രാഞ്ചിൽ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഞങ്ങൾക്ക് വിവരം ലഭിച്ചു. ഇത് പൊലീസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ചർച്ചയായി. ഇത്തരം സംഭവങ്ങൾ കൊളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള സംഭവം ഇത് ആദ്യത്തേതാണ്. ജുഡീഷ്യൽ അന്വേഷണവും സിസിടിവി ദൃശ്യങ്ങളുടെ സമഗ്രമായ അന്വേഷണവും ഞങ്ങൾ ആവശ്യപ്പെടുന്നു"  മൃത്യുഞ്ജയ് കുമാർ സിംഗ് പറഞ്ഞു.

വിഷയം ഒതുക്കി വയ്ക്കാൻ എസ്പി സമ്മർദം ചെലുത്തുന്നതായി ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം. എത്രയും വേഗം അന്വേഷണം ആരംഭിക്കുകയും ഇന്ത്യയിലെ ഉചിതമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

വിഷയം ശ്രദ്ധയിൽപ്പെട്ട ബിഹാർ ചീഫ് സെക്രട്ടറി അമീർ സുബ്ഹാനി, തങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് നല്ല രീതിയിൽ പെരുമാറാൻ നിർദേശിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. യാതൊരു കാരണവുമില്ലാതെ അൺപാർലമെന്ററി ഭാഷ ഉപയോഗിക്കുന്നതും ഉപദ്രവിക്കുന്നതുമായ സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് സുബ്ഹാനി പറഞ്ഞു. അകാരണമായ സസ്പെൻഷനും വകുപ്പുതല നടപടിയും മാനസിക പീഡനമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios