ദില്ലി: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിൽ അമേരിക്കയുടേയും ഇംഗ്ലണ്ടിന്‍റേയും ഇസ്രായേലിന്‍റേയും പതാകകളും ഉണ്ടായിരുന്നു. ഭീകരകേന്ദ്രത്തിന്‍റെ പടിക്കെട്ടുകളിലാണ് ഈ രാജ്യങ്ങളുടെ പതാകകൾ വരച്ചുചേർത്തിരുന്നത്. ആക്രമണത്തിന് ശേഷം ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ പുറത്തുവിട്ട രേഖകളുടെ ഒപ്പം പടിക്കെട്ടുകളിലെ പതാകകളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.

ജയ്ഷെ മുഹമ്മദ് ശത്രുക്കളായി കണക്കാക്കുന്ന രാജ്യങ്ങളുടെ പതാകകളിൽ ചവിട്ടി നടക്കാനാണ് അവ പടികളിൽ വരച്ചുചേർത്തത്. തീവ്രവാദത്തിൽ ആകൃഷ്ടരാകുന്ന യുവാക്കൾക്ക് ഈ രാജ്യങ്ങളോട് പകയും ശത്രുതയും വളർത്താനായിരുന്നു ഇത്. കശ്മീരിനെ ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കുന്നതിനൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയേയും കൂട്ടാളികളേയും തുരത്തുകയും ജെയ്ഷെ മുഹമ്മദിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്.

ജയ്ഷെ മുഹമ്മദിന്‍റെ തന്ത്രപ്രധാനമായ ഭീകര പരിശീലന കേന്ദ്രമായിരുന്നു ബാലാകോട്ടിലേത്. 2003- 04 കാലത്ത് സോവിയറ്റ് റഷ്യക്കെതിരായ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത മുതിർന്ന ജയ്ഷെ ഭീകരരാണ് ബലാകോട് ഭീകരകേന്ദ്രം തുടങ്ങിയത്. ജയ്ഷെ മുഹമ്മദ് റിക്രൂട്ട് ചെയ്യുന്ന പാകിസ്ഥാനി ചെറുപ്പക്കാർക്ക് ആധുനിക സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാനും ആയുധ പരിശീലനവും നൽകിയിരുന്നത് ഇവരായിരുന്നു. ചാവേർ സ്ക്വാഡുകളുടെ പരിശീലനവും ഇവിടെ നടന്നിരുന്നതായാണ് വിവരം. ഒസാമ ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞ അബോട്ടാബാദിന് സമീപം ഇന്ത്യ - പാക് നിയന്ത്രണ രേഖയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ബാലാകോട്ട്.

600 പേർക്ക് താമസിച്ച് പരിശീലനം നേടാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് രൂപീകരിക്കുന്നതിന്  മുമ്പ് ഹിസ്ബുൾ മുജാഹിദ്ദീനാണ് ഈ ഭീകരകേന്ദ്രത്തിലെ സൗകര്യങ്ങൾ പരിശീലനത്തിനായി ഉപയോഗിച്ചുവന്നത്. വനമേഖലയിൽ ആറ് ഏക്കറോളം വിസ്തൃതിയിൽ പണികഴിപ്പിച്ച വിപുലമായ സൗകര്യങ്ങൾ ഉണ്ടായിരുന്ന ഈ ഭീകരകേന്ദ്രം പൂർണ്ണമായും ഇന്ത്യൻ വ്യോമസേന ആക്രമിച്ച് തകർത്തു.

വൻ ആയുധ ശേഖരമാണ് ഭീകരകേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇരുന്നൂറിലേറെ എകെ 47 റൈഫിളുകൾ, ഹാൻഡ് ഗ്രനേഡുകളുടെയും  മറ്റ് സ്ഫോടകവസ്തുക്കളുടെയും തിട്ടപ്പെടുത്താവുന്നതിലും വലിയ ശേഖരം, ഡിറ്റണേറ്ററുകൾ എന്നിവ ആക്രമണത്തിൽ നശിച്ച ആയുധപ്പുരകളിൽ ഉണ്ടായിരുന്നു. നിരവധി ജെയ്ഷെ മുഹമ്മദ് കമാൻഡർമാർ ഇന്ത്യൻ ആക്രമണത്തിൽ മരിച്ചെന്നാണ് ഇന്‍റലിജൻസ് വൃത്തങ്ങളിൽ നിന്ന് അനൗദ്യോഗികമായി പുറത്തുവരുന്നത്. മുന്നൂറിലേറെ ഭീകരരും ഇന്ത്യൻ ആക്രമണത്തിൽ മരിച്ചെന്നാണ് വിവരം.