ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ലാൻഡിങ്ങിന് ശേഷം യാത്രക്കാരന്റെ ബാഗിലെ പവർ ബാങ്കിന് തീപിടിച്ചു. പുക ഉയർന്നതോടെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 

ദില്ലി: ഹൈദരാബാദ്-ഛണ്ഡീഗഡ് ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 108 വിമാനത്തിലാണ് സംഭവം. വിമാനം ഛണ്ഡീഗഡിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവം. യാത്രക്കാരന്റെ ബാഗിൽ നിന്ന് പുക ഉയർന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചു. തീ അണയ്ക്കാൻ ക്യാബിൻ ക്രൂ രണ്ട് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു. യാത്രക്കാരെ ഒഴിപ്പിക്കാൻ ആറ് സ്ലൈഡുകളും വിന്യസിച്ചുവെന്ന് അധികൃതർ പറഞ്ഞു.

ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ കണക്കിലെടുത്ത്, വിമാനക്കമ്പനികൾ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമാക്കിയിരുന്നു. ബാഗേജിൽ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നത് വിലക്കിയ വസ്തുക്കളിൽ പവർ ബാങ്കും ഉൾപ്പെടുത്തിയിരുന്നു. ലിഥിയം ബാറ്ററികളിലെ തെർമൽ റൺഅവേയുടെ അപകടസാധ്യതകൾ ഡിജിസിഎയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റിയതായും എയർലൈൻ കൂട്ടിച്ചേർത്തു. പവർ ബാങ്കുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ ഓൺബോർഡ് തീപിടുത്തത്തിന് കാരണമാകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.