ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയ രണ്ട് ദിവസങ്ങളിലും പാക് വ്യോമപാതയിലൂടെ വിമാനങ്ങളെ അനുവദിച്ചിരുന്നു. 

ദില്ലി: ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന്‍, യാത്രാവിമാനങ്ങളെ കവചമാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പാക് ആക്രമണം നടത്തിയ സമയം ഒരു അന്താരാഷ്ട്ര വിമാനം ഉള്‍പ്പെടെ രണ്ട് വിമാനങ്ങള്‍ പാക് വ്യോമപാതയില്‍ ഉണ്ടായിരുന്നെന്ന് സേന അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യക്കെതിരായി പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിട്ട മെയ് 7,8 തീയതികളിലെ ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ പ്രകാരം പാക് ആകാശത്ത് കൂടി കടന്നു പോയത് 100 വിമാനങ്ങളാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപത്ത് കൂടെയും വിമാനങ്ങള്‍ പറന്നതായി ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ ഉദ്ധരിച്ച് 'ഇന്ത്യ ടുഡെ' റിപ്പോര്‍ട്ട് ചെയ്തു. മെയ് 7 രാത്രി ഏകദേശം 8.30 മുതലും മെയ് 8 അര്‍ധരാത്രിയിലുമായി പഞ്ചാബിലും സമീപ പ്രദേശങ്ങളിലും പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകള്‍ തൊടുത്ത സമയത്താണിത്. 

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്തിയ രണ്ട് ദിവസങ്ങളിലെ സമയം ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോള്‍ 104 ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് പാക് ആകാശത്ത് കൂടി കടന്നു പോയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി വിമാനത്താവളങ്ങളില്‍ നിന്നും പറന്നതും ലാന്‍ഡ് ചെയ്തതുമായ വിമാനങ്ങളാണിവ. പാക് ആക്രമണം നടത്തിയ സമയത്ത് ഇവയില്‍ പല വിമാനങ്ങളും അതിര്‍ത്തിക്ക് അടുത്തുകൂടി കടന്നു പോയിരുന്നു. ജമ്മു ആന്‍ഡ് കശ്മീരില്‍ പാകിസ്ഥാന്‍ ഡ്രോൺ ആക്രമണം നടത്തുമ്പോള്‍ എയര്‍ സിയാലിന്‍റെ കറാച്ചി-ലാഹോര്‍ വിമാനം, ലാഹോറിന് സമീപം എത്തിയിരുന്നു. 

ഫ്ലൈറ്റ് ട്രേഡർ24ലെ വിവരങ്ങള്‍ പ്രകാരം 39 അന്താരാഷ്ട്ര വിമാന കമ്പനികളും ഇതുവഴി സര്‍വീസ് നടത്തി. ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈനാസ്, ഖത്തര്‍ എയര്‍വേയ്സ്, എയര്‍ അറേബ്യ, ഗൾഫ് എയര്‍, ജസീറ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ ഇവയിൽ ഉൾപ്പെടുന്നു. ദുബൈ, ദമ്മാം, അബുദാബി, മസ്കറ്റ്, ഷാര്‍ജ, കുവൈത്ത് സിറ്റി മദീന എന്നീ ഗൾഫ് നഗരങ്ങളിലേക്കാണ് ഈ അന്താരാഷ്ട്ര വിമാനങ്ങള്‍ പറന്നത്. 

ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആക്രമണം നടത്തിയ സമയത്ത് ഇന്ത്യന്‍ വ്യോമപാതയില്‍ യാത്രാ വിമാനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. കൃത്യമായ മുന്നൊരുക്കം ഇന്ത്യ നടത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഈ സമയം രണ്ട് യാത്രാ വിമാനങ്ങൾ കടന്നു പോയതായും ഇന്ത്യ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടലില്‍ യാത്ര വിമാനങ്ങളെ പാകിസ്ഥാന്‍ കവചമാക്കിയതായും വാര്‍ത്താ സമ്മേളനത്തില്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന സമയം പാക് വ്യോമപാതയിലൂടെ കടന്നു പോയ ഫ്ലൈനാസ് വിമാനത്തിന്‍റെ വിവരം സേന എടുത്തു പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.50ന് പുറപ്പെട്ട് പാകിസ്ഥാനിലെ ലാഹോറില്‍ രാത്രി 9.10 ന് എത്തിച്ചേര്‍ന്ന ഫ്ലൈനാസ് ഏവിയേഷന്‍റെ എയര്‍ബസ് 320 വിമാനമാണിതെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ വ്യോമപാതയിലൂടെ കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള ഒരു യാത്രാ വിമാനവും കടന്നുപോയിരുന്നു. യാത്രാ വിമാനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയില്‍ ജാഗ്രതയോടെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം