വിമാനത്തിൽ ശല്യക്കാരായ കുട്ടികൾ കാരണം ദുരനുഭവം നേരിട്ട യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. അധിക പണം നൽകി ബുക്ക് ചെയ്ത സീറ്റിൽ സമാധാനമായി യാത്ര ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടികൾ ബഹളം വെക്കുകയും അടിക്കുകയും ചെയ്തു.

ദില്ലി: ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാന യാത്രയ്ക്കിടെ വികൃതികളായ കുട്ടികൾ കാരണം നേരിട്ട ദുരനുഭവം പങ്കുവെച്ച യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. 'ഫ്ലൈറ്റിലെ ശല്യക്കാരായ കുട്ടികൾ' എന്ന തലക്കെട്ടിൽ ഒരു 27-കാരി പങ്കുവെച്ച കുറിപ്പ്, വിമാന യാത്രക്കാർക്കിടയിലെ പെരുമാറ്റ രീതികളെ കുറിച്ചുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടത്.

കഴിഞ്ഞ 15 ദിവസമായി തുടർച്ചയായി യാത്ര ചെയ്യുകയായിരുന്ന താൻ, വെറും രണ്ട് മണിക്കൂർ നീളുന്ന യാത്രയിൽ ഒന്ന് സമാധാനമായി ഉറങ്ങാനാണ് അധിക പണം നൽകി എക്‌സ്‌ട്രാ ലെഗ്‌റൂമുള്ള വിൻഡോ സീറ്റ് ബുക്ക് ചെയ്തതെന്ന് യുവതി പറയുന്നു. എന്നാൽ, തൻ്റെ തൊട്ടടുത്ത സീറ്റിൽ ഒരു അമ്മയും അവരുടെ കൊച്ചുകുട്ടിയും ഇരുന്നതോടെ എല്ലാ പദ്ധതികളും തകർന്നു.

വിമാനത്തിൽ കയറിയ നിമിഷം മുതൽ കുട്ടി ബഹളം വെക്കുകയും ഓടുകയും തന്നെ പലതവണ അടിക്കുകയും ചെയ്തു. 'കുട്ടിയെ ഒന്നു ശ്രദ്ധിക്കാമോട എന്ന് താൻ അമ്മയോട് ആവശ്യപ്പെട്ടപ്പോൾ, അവർ ചിരിച്ചുകൊണ്ട് നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. 'ഇവൻ ശല്യം ചെയ്തുകൊണ്ടേയിരിക്കും. നിങ്ങൾ എൻ്റെ ഭർത്താവിൻ്റെ സീറ്റിലേക്ക് മാറി ഇരുന്നോളൂ' എന്നായിരുന്നു അവർ പറഞ്ഞത്. അധിക പണം നൽകി ബുക്ക് ചെയ്ത സീറ്റാണ് തൻ്റേത് എന്ന് പറഞ്ഞപ്പോൾ, 'ഇവൻ ഇങ്ങനെതന്നെയാണ്' എന്നതായിരുന്നു അമ്മയുടെ മറുപടിയെന്നും യുവതി കുറിച്ചു.

വിമാനം ലാൻഡിംഗിനോട് അടുത്തപ്പോൾ, ആ ഗ്രൂപ്പിലെ മറ്റൊരു കുട്ടികൂടി യുവതിയുടെ അടുത്തേക്ക് എത്തി. 'രണ്ടുപേരും എൻ്റെ കാലുകളിൽ ചവിട്ടി ചാടിക്കളിക്കുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. വീണ്ടും അമ്മയോട് അഭ്യർത്ഥിച്ചപ്പോൾ, അവർക്ക് ദേഷ്യം വന്നുവെന്നും യുവതി പറയുന്നു. ' ഇത് അവർക്ക് ക്യൂട്ട് പെരുമാറ്റം ആയിരിക്കാം, മറ്റുള്ളവർക്കും അങ്ങനെയാണോ? ദയവായി, വിമാനത്തിൽ ശാന്തരായി ഇരുത്തുക, അല്ലെങ്കിൽ ഉറക്കഗുളിക നൽകുകയെന്നും അവർ കുറിച്ചു.

ചിലരൊക്കെ യുവതിയെ പിന്തുണച്ച് രംഗത്തെത്തി, മോശം പാരന്റിങ്ങാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു വാദം. അതേസമയം, ചിലർ യുവതിയുടെ വാദങ്ങളെ എതിർത്തു. 'കുട്ടികളെ കെട്ടിയിടാൻ കഴിയില്ല. മാതാപിതാക്കൾക്ക് ചിലപ്പോൾ അവരെ നിയന്ത്രിക്കാൻ കഴിയാതെ വരും. കുട്ടികൾക്കും മുതിർന്നവരെപ്പോലെ വിമാനത്തിൽ യാത്ര ചെയ്യാൻ അവകാശമുണ്ട്' എന്നായിരുന്നു മറ്റൊരു കമന്റ്. കുട്ടികൾക്ക് ഉറക്ക ഗുളിക കൊടുക്കണം എന്നൊക്കെ പറയുന്നത് കടുപ്പമാണെന്നായിരുന്നു നിരവധി പേരുടെ കമന്റുകൾ.