2023 ഡിസംബർ 12-ന്, ഹിമാചൽ പ്രദേശിന് എൻഡിആർഎഫിൽ നിന്ന് 633.73 കോടിയുടെ അധിക സാമ്പത്തിക സഹായവും നൽകിയിരുന്നു.
ദില്ലി: 2023-ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം എന്നിവയെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ഹിമാചൽ പ്രദേശിന് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2,006.40 കോടി രൂപയുടെ കേന്ദ്ര സഹായം അംഗീകരിച്ചു. കേന്ദ്ര ധനകാര്യ, കൃഷി മന്ത്രിമാരും നീതി ആയോഗ് വൈസ് ചെയർമാനും അംഗങ്ങളായ സമിതിയാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) പ്രകാരം സംസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നിർദ്ദേശം പരിഗണിച്ചത്.
2023 ലെ വെള്ളപ്പൊക്കം, മേഘസ്ഫോടനം, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് വീണ്ടെടുക്കൽ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സംസ്ഥാന സർക്കാറിന് 2,006.40 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്. ഇതിൽ 1,504.80 കോടി രൂപ എൻഡിആർഎഫിന് കീഴിൽ പുനരുദ്ധാരണം, പുനർനിർമ്മാണത്തിനുള്ള കേന്ദ്ര വിഹിതമായിരിക്കും.
2023 ഡിസംബർ 12-ന്, ഹിമാചൽ പ്രദേശിന് എൻഡിആർഎഫിൽ നിന്ന് 633.73 കോടിയുടെ അധിക സാമ്പത്തിക സഹായവും നൽകിയിരുന്നു. ജോഷിമഠ് വെള്ളപ്പൊക്കത്തെത്തുടർന്ന് ഉത്തരാഖണ്ഡിന് 1658.17 കോടിയുടെയും 2023-ലെ ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേഴ്‌സ്റ്റ് വെള്ളപ്പൊക്ക (GLOF) ത്തെ തുടർന്ന് സിക്കിമിന് ₹555.27 കോടിയുടെയും പുനരുദ്ധാരണ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.
കൂടാതെ, നഗരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം (3075.65 കോടി), മണ്ണിടിച്ചിൽ (1,000 കോടി), ജിഎൽഒഎഫ് (150 കോടി), കാട്ടുതീ (818.92 കോടി), മിന്നൽ (186.78 കോടി), വരൾച്ച (2022.16 കോടി) തുടങ്ങി നിരവധി അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി കേന്ദ്ര സർക്കാർ 7,253.51 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടിന് പുറമെയാണ് ഈ അധിക സഹായം.
2024-25 സാമ്പത്തിക വർഷത്തിൽ, കേന്ദ്ര സർക്കാർ എസ്.ഡി.ആർ.എഫിന് കീഴിൽ 28 സംസ്ഥാനങ്ങൾക്ക് 20,264.40 കോടി രൂപയും എൻ.ഡി.ആർ.എഫിന് കീഴിൽ 19 സംസ്ഥാനങ്ങൾക്ക് 5,160.76 കോടി രൂപയും അനുവദിച്ചു. ഇതിനുപുറമെ, 19 സംസ്ഥാനങ്ങൾക്കായി സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിൽ (SDMF) നിന്ന് 4984.25 കോടി രൂപയും എട്ട് സംസ്ഥാനങ്ങൾക്കായി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ (NDMF) നിന്ന് 719.72 കോടി രൂപയും അനുവദിച്ചു.
