ബെംഗളൂരു: ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ 30 കോടി രൂപയുടെ നിക്ഷേപം കണ്ട ഞെട്ടലിലാണ് കർണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരൻ. ഡിസംബർ രണ്ടിനാണ് അക്കൗണ്ടിൽ പണം വന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് വിവരം പുറംലോകമറിയുന്നത്. ഇത്രയും പണം എങ്ങനെ അക്കൗണ്ടിലെത്തിയതെന്ന് അന്വേഷിക്കുന്നതിനായി ബാങ്ക് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തിയപ്പോഴായിരുന്നു ഭാര്യയുടെ അക്കൗണ്ടിൽ എത്തിയ വൻതുകയെ കുറിച്ച് സയീദ് മാലിക്ക് ബുർഹാൻ എന്നയാളും കുടുംബവും അറിയുന്നത്.

ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനിടെയായിരുന്നു ഭാര്യ റിഹാനയുടെ അക്കൗണ്ടിൽ പണം വന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബാങ്ക് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തിയത്. ഡിസംബർ രണ്ടിന് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. ഒരു വലിയ തുക ഭാര്യയുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് മാത്രമായിരുന്നു അന്ന് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞിരുന്നത്. തുടർന്ന് ആധാർ കാർഡും എടുത്ത് ഭാര്യയെയും കൂട്ടി ബാങ്കിലേക്ക് വരാനും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ബാങ്കിലെത്തിയ തന്നോട് നിരവധി രേഖകളിൽ ഒപ്പിടാൻ ഉ​ദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിരുന്നെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നുവെന്നും സയീദ് പറഞ്ഞു.

അതേസമയം, മാസങ്ങൾക്കുമുമ്പ് താൻ ഓൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി സയീദ് ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. സമ്മാനം ലഭിക്കണമെങ്കിൽ ബാങ്ക് വിവരങ്ങൾ നൽകണമെന്നും ഫോണിൽ വിളിച്ചയാൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് താൻ ബാങ്ക് വിവരങ്ങൾ നൽകിയതായും സയീദ് കൂട്ടിച്ചേർത്തു.

ജൻധൻ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള റിഹാനയുടെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഇത്രയും തുക അക്കൗണ്ടിൽ കണ്ടതിന് പിന്നാലെ വിവരം ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. സയീദിന്റെ പരാതിയിൽ ചന്നപട്ടണ പൊലീസ് കേസെടുത്തു. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.