ദില്ലി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും കേരള സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മറ്റ് സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ ഇടപെടുന്നതിന് പകരം കൊവിഡ് നിയന്ത്രണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കാന്‍ നിയമസഭ ചേരുന്നതിന് അനുമതി തേടി മന്ത്രിമാരായ എകെ ബാലന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിമര്‍ശനമുന്നയിച്ചത്.

'കൊവിഡ് മരണനിരക്കില്‍ ദേശീയശരാശരിക്കുമപ്പുറമാണ്. സംസ്ഥാനവുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരം കൊവിഡ് നിയന്ത്രണത്തിനാണ് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കേണ്ടത്'-മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേരണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ നിരസിച്ചിരുന്നു.

നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. തുടര്‍ന്നാണ് അനുമതി തേടി മന്ത്രിമാരായ എകെ ബാലന്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ ഗവര്‍ണറെ വീണ്ടും സന്ദര്‍ശിച്ചത്.