രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദില്ലി: വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ചു. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാറും കേന്ദ്ര ഏജന്‍സികളും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയെയും സൈന്യത്തെയും നിയോഗിക്കാന്‍ തീരുമാനിച്ചു. വാര്‍ത്തവിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍വ സ്ഥിതിയിലാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനും പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഒഡീഷയിൽ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അപകട സാധ്യത മുന്നില്‍ക്കണ്ട് 103 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശ ജില്ലകളില്‍ ഫോനി കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
കരയെത്തിയ ശേഷം ഖുര്‍ദ, കട്ടക്ക്, ജയ്പൂര്‍ ഭദ്രക്, ബാലസോര്‍ ജില്ലകള്‍ കടന്ന് ബംഗാളിലേക്ക് പ്രവേശിക്കും. 49 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും ശക്തമായ കൊടുങ്കാറ്റ് എത്തുന്നത്.
1989 മേയ് 26നാണ് ഒഡിഷയില്‍ മണ്‍സൂണിന് മുമ്പ് കൊടുങ്കാറ്റ് വീശുന്നത്. കഴിഞ്ഞ വര്‍ഷം ആന്ധ്രപ്രദേശിലെത്തിയ തിത്ലിയും തമിഴ്നാട്ടിലെത്തിയ ഗജയും കനത്ത നാശം വിതച്ചിരുന്നു.
