രണ്ട് പ്രധാന ഗോഡൗണുകളിൽ നിന്നായി ആറ് കോടി രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ദേവനഹള്ളിയിലെ ഗോഡൗണിൽ നിന്ന് രണ്ട് കോടിയിലധികം രൂപയുടെ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. മഡിവാളയിലെ ഗോഡൗണിൽ നാല് കോടിയുടെ നിയമവിരുദ്ധ ഉൽപ്പന്നങ്ങളാണ് അധികൃതർ കണ്ടെത്തിയത്

ബെംഗളൂരു: കർണാടകയിലെ ആമസോൺ വെയർഹൗസുകളിലും അനുബന്ധ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. രണ്ട് പ്രധാന ഗോഡൗണുകളിൽ നിന്നായി ആകെ ആറ് കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ദേവനഹള്ളിയിലെ ഗോഡൗണിൽ നിന്ന് മാത്രം കാലാവധി കഴിഞ്ഞതും കൃത്യമായ ലേബലിംഗ് ഇല്ലാത്തതുമായ രണ്ട് കോടിയിലധികം രൂപയുടെ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ മരുന്നുകളും എക്സ്പയറി തീയതി രേഖപ്പെടുത്താത്ത 14 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു.

മഡിവാളയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ നാല് കോടിയുടെ നിയമവിരുദ്ധ ഉൽപ്പന്നങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഇതിൽ 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകളും ഉൾപ്പെടുന്നു. കൂടാതെ ലിയോ 7, സപ്ത ബാസാർ ഇൻസ്മാർട്ട് എന്നീ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടന്നു. പരിശോധനയിൽ ലിയോ 7 ൽ നിന്ന് മാത്രം ഒന്നര കോടി രൂപയുടെ പഴകിയ ഭക്ഷ്യവസ്തുക്കളും കാലാവധി കഴിഞ്ഞ മുട്ട, പനീർ, കശുവണ്ടി, ബിസ്കറ്റ് തുടങ്ങിയവയും അധികൃതർ പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം