സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷമായിട്ടും ഈ പ്രദേശത്തെങ്ങും ഒരു വികസനം പോലും വന്നിട്ടില്ല. എന്തിന് ഒരു റോഡ് പോലും ഇവിടെയില്ലെന്നതാണ് സത്യം. 

കർണാടക: ശ്മശാനത്തിലേക്ക് റോഡില്ലാത്തതിനാൽ ഇന്നും മൃതദേഹം മുളയിൽ കെട്ടി കൊണ്ടുപോകേണ്ട ഗതികേടിലാണ് കര്‍ണാടക കാർവാറിലെ നാട്ടുകാർ. കാർവാറിലെ അൻകോള താലൂക്കിലെ ബെരഡെ ഗ്രാമത്തിലെ നാട്ടുകാർ ഇത്തരത്തില്‍ മുളയിൽ മ‍തദേഹം കെട്ടി വച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മ‍ൃതദേഹം മുളയില്‍ കെട്ടിവച്ച് കൊണ്ട് പോകുന്നതിനെ ഇവര്‍ 'ഝോളി'യെന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ മൃതദേഹം ഝോളിയില്‍ കെട്ടിവച്ച് അതും ചുമന്ന് പുഴ കടന്ന് പാടങ്ങളും കടന്ന് വേണം ഇവര്‍ക്ക് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തില്‍ മൃതദേഹമെത്തിക്കാന്‍. 

കഴിഞ്ഞ ദിവസം എഴുപതുകാരനായ ദാമോദർ നായിക് എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിൽ പടർന്ന തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ആളിപ്പടര്‍ന്ന തീ വസ്ത്രത്തിലേക്ക് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കണമെന്നുള്ളതിനാലാണ് നാട്ടുകാർ ഝോളിയില്‍ കെട്ടി ശ്മശാനത്തിലെത്തിച്ചത്. 

സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷമായിട്ടും ഈ പ്രദേശത്തെങ്ങും ഒരു വികസനം പോലും വന്നിട്ടില്ല. എന്തിന് ഒരു റോഡ് പോലും ഇവിടെയില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പ് കാലമാണ് വരാന്‍ പോകുന്നത്. ഇപ്പോഴെങ്കിലും തങ്ങളുടെ പ്രദേശത്തേക്ക് ഒരു റോഡ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനാല്‍ തന്നെ ദാമോദർ നായികിന്‍റെ മൃതദേഹം പ്രതിഷേധത്തിന്‍റെ ഭാഗമായിക്കൂടിയാണ് മുളയിൽ കെട്ടി കൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു.

YouTube video player


കൂടുതല്‍ വായനയ്ക്ക്: 'തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്ക്', 4 വര്‍ഷത്തിന് ശേഷം എന്താകുമെന്ന് പറയാനാകില്ല, കടുപ്പിച്ച് ചെന്നിത്തല