വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ, ചെന്നൈയിൽ നിന്നുള്ള കോർപ്പറേഷൻ കൗൺസിലർ ഫാത്തിമ മുസഫിർ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായിട്ടാണ് നിയോഗിച്ചത്.
ചെന്നൈ: ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി. കെപിഎ മജീദ് വൈസ് പ്രസിഡന്റും ഹാരിസ് ബീരാൻ, മുനവറലി ശിഹാബ് തങ്ങൾ, സികെ സുബൈർ, ടിഎ അഹമ്മദ് കബീർ എന്നിവർ ദേശീയ സെക്രട്ടറിമാരായി. ഖാദർ മൊയ്തീൻ ദേശീയ അധ്യക്ഷ സ്ഥാനത്തും പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറി പദവിയിലും തുടരും.
ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ ആണ് അടുത്ത നാല് വർഷത്തേക്ക് പാർട്ടിയെ നയിക്കാനുള്ള കമ്മിറ്റിയെ രൂപീകരിച്ചത്. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റും പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയും ആയി തുടരുന്ന കമ്മിറ്റിയിൽ ഏഴ് വൈസ് പ്രസിഡന്റുമാരും ഏഴ് സെക്രട്ടറിമാരും ഏഴ് അസിസ്റ്റന്റ് സെക്രട്ടറിമാരും ഉണ്ട്. കെപിഎ മജീദ് വൈസ് പ്രസിഡന്റും ഹാരിസ് ബീരാൻ, മുനവറലി ശിഹാബ് തങ്ങൾ, സികെ സുബൈർ, ടിഎ അഹമ്മദ് കബീർ എന്നിവർ ദേശീയ സെക്രട്ടറിമാരുമായി.
ആദ്യമായി വനിതാ നേതാക്കൾക്കും ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് പച്ചക്കൊടി ലഭിച്ചു. വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ, ചെന്നൈയിൽ നിന്നുള്ള കോർപ്പറേഷൻ കൗൺസിലർ ഫാത്തിമ മുസഫിർ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായിട്ടാണ് നിയോഗിച്ചത്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവിധ ദേശീയ വിഷയങ്ങളിൽ പ്രമേയങ്ങളും കൗൺസിൽ അവതരിപ്പിച്ചു. പെഹൽഗാമിൽ ഭീകരവാദി ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചും ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചുമാണ് ലീഗ് ദേശീയ കൗൺസിൽ ആരംഭിച്ചത്.

