ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തിനിടെ തുർക്കി സ്വീകരിച്ച പാക് അനുകൂല നിലപാടിനെ തുടര്‍ന്നാണ് തീരുമാനം. 

ദില്ലി: തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല. ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തിനിടെ തുർക്കി സ്വീകരിച്ച പാക് അനുകൂല നിലപാടിനെതിരെ അടുത്തിടെ ഉണ്ടായ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടർന്നാണ് തീരുമാനം. നേരത്തെ, ജവഹര്‍ലാൽ നെഹ്റു യൂണിവേഴ്സിറ്റി, കാൺപൂര്‍ യൂണിവേഴ്സിറ്റി എന്നിവയും തുര്‍ക്കിയുമായുള്ള അക്കാദമിക് ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നു. 

ജാമിയ മില്ലിയ ഇസ്ലാമിയയും തുര്‍ക്കി സർക്കാരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനവും തമ്മിലുള്ള ഏതൊരു ധാരണാപത്രവും (എംഒയു) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ റദ്ദാക്കുന്നുവെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 'രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു' എന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. 

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) തുർക്കി സ്ഥാപനങ്ങളുമായുള്ള കരാർ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജാമിയ മില്ലിയയും സമാനമായ തീരുമാനം എടുത്തിരിക്കുന്നത്. സമാനമായ രീതിയിൽ കാൺപൂർ സർവകലാശാലയും ഇസ്താംബുൾ സർവകലാശാലയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലപാടെടുക്കുന്നവരുമായുള്ള ആഗോള പങ്കാളിത്തങ്ങളെ ഇന്ത്യൻ സർവകലാശാലകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. 

'ഇന്ത്യയുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും എതിരെ പരസ്യമായി ശത്രുത പുലർത്തുന്ന ഒരു രാഷ്ട്രവുമായി കൈകോർക്കുകയെന്ന നിലപാട് തുർക്കി സ്വീകരിച്ചതിന്റെ അനന്തരഫലമാണ് ഈ നീക്കം' എന്ന് കാൺപൂർ സർവകലാശാല പ്രസ്താവനയിലൂടെ വ്യക്തമാക്കി. തുര്‍ക്കിയുമായി ഏതെങ്കിലും തരത്തിൽ അക്കാദമിക് ബന്ധം തുടരുന്നത് ദേശീയ താത്പ്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്നും കാൺപൂര്‍ സർവകലാശാല കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണം തുടരുന്നതിനെക്കുറിച്ച് വിദ്യാർത്ഥി ഗ്രൂപ്പുകളും അക്കാദമിക് വൃത്തങ്ങളും അടുത്തിടെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.