Asianet News MalayalamAsianet News Malayalam

വിദേശബാങ്കിന്‍റെ ചെക്ക് ഇന്ത്യൻ ബാങ്കിൽ മടങ്ങിയാൽ ഇന്ത്യൻ കോടതിക്ക് കേസ് എടുക്കാമോ? ഹൈക്കോടതി പരിശോധിക്കുന്നു

ദുബായിൽ  പുതിയതായി വന്ന നിയമ ഭേദഗതിപ്രകാരം ചെക്കുകേസുകൾ ക്രിമിനൽ കുറ്റമായിട്ടല്ല കണക്കാക്കുന്നതെന്നും സിവിൽ കേസായിട്ടാണ് പരിഗണിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. വിദേശ രാജ്യത്ത് നടന്ന പണമിടപാടിനെ സംബന്ധിച്ച് സാകേത് കോടതി എടുത്ത കേസ് നിലനിൽക്കില്ലെന്നും വാദം ഉയർന്നു.

foreign bank cheque bounce case in delhi high court
Author
First Published Dec 19, 2022, 2:02 PM IST

ദില്ലി: ഇന്ത്യക്കാരായ യുഎഇയിൽ സ്ഥിരതാമസക്കാരായ രണ്ട് പ്രവാസികളുടെ കമ്പനികൾ തമ്മിലുള്ള പണമിടപാട് സംബന്ധിച്ച തര്‍ക്കം ഇപ്പോൾ പുതിയ ചില നിയമ ചോദ്യങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ദുബായിൽ നേരത്തെ നടന്ന വ്യവസായിക ഇടപാടുമായി ബന്ധപ്പെട്ട്  നൽകിയ ചെക്കുകളിൽ ഒന്ന് പരാതിക്കാരനായ വ്യക്തി  ദില്ലിയിലെ ഒരു ബാങ്ക് ശാഖയിൽ മാറ്റാൻ കൊടുത്തു. എന്നാൽ ഈ ചെക്കും മടങ്ങിയതോടെ പരാതിക്കാരൻ ചെക്ക് നൽകിയ വ്യവസായിയെ പ്രതിയാക്കി ദില്ലി സാകേത് കോടതിയിൽ കേസ് നൽകി.

ഇതോടെയാണ് ചില സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിരിക്കുന്നത്.  കേസിലെ വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി ദില്ലി ഹൈക്കോടതി സമീപിച്ചു. ദുബായിൽ നടന്ന പണമിടപാട് സംബന്ധിച്ച് വിഷയത്തിൽ സെക്യൂരിറ്റിക്കായി നൽകിയ ചെക്കാണ് ദില്ലിയിൽ മാറാൻ നൽകിയതെന്നും പണമിടപാടിലെ എല്ലാ നടപടിക്രമങ്ങളും സംഭവിച്ചത് ദുബായിലായതിനാൽ ഇന്ത്യൻ കോടതിക്ക് ഈ സംഭവത്തിൽ കേസ് എടുക്കാനാകില്ലെന്നും വ്യവസായിക്കായി ഹാജരായ അഭിഭാഷകർ വാദിച്ചു. 

മാത്രമല്ല ദുബായിൽ  പുതിയതായി വന്ന നിയമ ഭേദഗതിപ്രകാരം ചെക്കുകേസുകൾ ക്രിമിനൽ കുറ്റമായിട്ടല്ല കണക്കാക്കുന്നതെന്നും സിവിൽ കേസായിട്ടാണ് പരിഗണിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. വിദേശ രാജ്യത്ത് നടന്ന പണമിടപാടിനെ സംബന്ധിച്ച് സാകേത് കോടതി എടുത്ത കേസ് നിലനിൽക്കില്ലെന്നും വാദം ഉയർന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടി സിംഗിൾ ബെഞ്ച് കേസ് വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. 

തുടർന്ന് താൽകാലികമായി സാകേത് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.  ഇത്തരം കേസുകൾ ഇന്ത്യൻ കോടതികൾക്ക് എന്തുനടപടികൾ സ്വീകരിക്കാനാകുമെന്നതും വിശദമായി ദില്ലി ഹൈക്കോടതി പരിഗണിക്കും. അഭിഭാഷകരായ ഡോ.അമിത് ജോർജജ്, നിഷേ രാജൻ ഷൊങ്കർ, ആലിം അൻവർ എന്നിവർ വ്യവസായിക്കായി ഹാജരായി.

Follow Us:
Download App:
  • android
  • ios