കാമുകനെ വിവാഹം ചെയ്യാന്‍ അനധികൃതമായി ഇന്ത്യയിലെത്തിയ 24 വയസുകാരി അറസ്റ്റില്‍
ധര്‍മനഗറിലെ ഫുല്‍ബാരി സ്വദേശിയായ നൂര്‍ ജലാല്‍ ഇടയ്ക്കിടയ്ക്ക് ബംഗ്ലാദേശിലെ മൗല്‍വി നഗര്‍ എന്ന സ്ഥലത്ത് പോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഫാത്തിമ നുസ്റത്തിലെ പരിചയപ്പെട്ടതും അവരുമായി അടുക്കുന്നതും.

അഗര്‍ത്തല: കാമുകനെ വിവാഹം ചെയ്യാനായി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതി അറസ്റ്റിലായി. ബംഗ്ലാദേശ് പൗരത്വമുള്ള 24 വയസുകാരിയാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ത്രിപുരയിലെ ഗ്രാമത്തിലെത്തിയത്. കാമുകനുമൊത്ത് കഴിഞ്ഞുവരുന്നതിനിടെ ഇവരെ സംബന്ധിച്ച് വിവരം ലഭിച്ചെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നോര്‍ത്ത് ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ നിന്നാണ് ഫാത്തിമ നുസ്റത്ത് എന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിലായത്. ഇവിടെ ആയൂര്‍വേദ ചികിത്സ നടത്തിയിരുന്ന നൂര്‍ ജലാല്‍ (34) എന്നയാള്‍ക്കൊപ്പം താമസിക്കാനാണ് യുവതി ഇന്ത്യയിലെത്തിയത്. ധര്‍മനഗറിലെ ഫുല്‍ബാരി സ്വദേശിയായ നൂര്‍ ജലാല്‍ ഇടയ്ക്കിടയ്ക്ക് ബംഗ്ലാദേശിലെ മൗല്‍വി നഗര്‍ എന്ന സ്ഥലത്ത് പോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഫാത്തിമ നുസ്റത്തിലെ പരിചയപ്പെട്ടതും അവരുമായി അടുക്കുന്നതും. യുവാവ് ത്രിപുരയിലും യുവതി ബംഗ്ലാദേശിലും നേരത്തെ വിവാഹതരായിരുന്നവരാണ്.
ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയമായി മാറി. ഏതാണ്ട് രണ്ടാഴ്ച മുമ്പ് ഫാത്തിമ നുസ്റത്ത് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് ത്രിപുരയിലെത്തി. നൂര്‍ ജലാലിനെ വിവാഹം ചെയ്ത് ഒപ്പം താമസിക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് ധര്‍മനഗര്‍ എസ്.ഡി.പി.ഒ ദേബാശിഷ് സാഹ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
ത്രിപുരയിലെ ഫുല്‍ബാരിയില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുന്നതിനിടെയാണ് അനധികൃതമായി ബംഗ്ലാദേശ് യുവതി ഇവിടെ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വ്യാഴാഴ്ച പൊലീസ് ഇവരുടെ താമസ സ്ഥലത്തിലെത്തി യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ പൊലീസ് എത്തിയപ്പോഴേക്കും നൂര്‍ ജലാല്‍ സ്ഥലത്തു നിന്ന് മുങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...