ശ്രീപുര കോളനിയിലെ സിസിടിവികളിലും അലഞ്ഞ് തിരിയുന്ന കരടിയുടെ ദൃശ്യങ്ങള്‍ വ്യക്തമായതോടെ ആളുകള്‍ പരിഭ്രാന്തരായി.

കരിംനഗര്‍: തെലങ്കാന കരിംനഗറിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടി ഒടുവില്‍ പിടിയിലായി. കരിംനഗർ- ജഗിത്‍‍യാൽ ഹൈവേയിലാണ് കരടിയിറങ്ങിയത്. മയക്കുവെടി വച്ച് പിടികൂടിയ ശേഷം കരടിയെ വനംവകുപ്പ് കാട്ടില്‍ തുറന്നുവിട്ടു. വെള്ളിയാഴ്ച രാത്രി മുതലാണ് കരടിയെ ശ്രീപുര മേഖലയില്‍ കാണാന്‍ തുടങ്ങിയത്. ശ്രീപുര കോളനിയിലെ സിസിടിവികളിലും അലഞ്ഞ് തിരിയുന്ന കരടിയുടെ ദൃശ്യങ്ങള്‍ വ്യക്തമായതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇതിന് പിന്നാലെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുപ്പതിയിൽ ആറുവയസുകാരിയെ വന്യമൃഗം ആക്രമിച്ചു കൊന്നിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയത്. തിരുപ്പതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി ഉള്ള ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിന്റെ അടുത്ത്, അലിപിരി വാക്ക് വേയിൽ വച്ചാണ് നെല്ലൂർ സ്വദേശി ലക്ഷിത കാട്ടുമൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. രാത്രി 11 മണിക്ക് ഇരുട്ട് നിറഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണമെന്നതിനാൽ അച്ഛനമ്മമാർക്ക് എന്ത് മൃഗം ആണ് കുട്ടിയെ ആക്രമിച്ചത് എന്ന് കാണാൻ ആയില്ല. ബഹളം വച്ചും, കയ്യിലെ വടികൾ ഉപയോഗിച്ചും മൃഗത്തെ തുരത്താൻ ശ്രമിച്ചെങ്കിലും കുട്ടിയെ കടിച്ചെടുത്ത മൃഗം കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് പൊലീസും വനംവകുപ്പും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയ ശേഷം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ലക്ഷിതയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ട് കിട്ടിയത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു അവശിഷ്ടങ്ങൾ കിടന്നിരുന്നത്. പുലിയോ കരടിയോ ആണ് കുട്ടിയെ ആക്രമിച്ചതെന്നും ഇത് പോസ്റ്റ്‌ മോർട്ടത്തിന് ശേഷമേ ഉറപ്പിച്ച് പറയാനാകൂ എന്നുമാണ് ഡോക്ടർമാർ അറിയിക്കുന്നത്.

കഴിഞ്ഞ മാസം മുത്തച്ഛനൊപ്പം തീർത്ഥാടനത്തിന് എത്തിയ അഞ്ച് വയസ്സുകാരനെ പുലി ആക്രമിച്ചിരുന്നു. അന്ന് കുട്ടി രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്. പിന്നീട് വനം വകുപ്പ് ഈ പുലിയെ കെണി വെച്ച് പിടിച്ചു. രണ്ടാഴ്ച മുൻപ് ഇതേ വാക്ക് വേ വഴി ഒരു കരടി ഇറങ്ങി നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. തിരുപ്പതി ക്ഷേത്ര പരിസരത്ത് മൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായതോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയാണ് തിരുപ്പതി ദേവസ്ഥാനം. തീർത്ഥാടനപാതയിൽ മുഴുവൻ സിസിടിവികൾ സ്ഥാപിക്കുമെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ദേവസ്ഥാനം അധികൃതർ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം