ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കി. 

ദില്ലി: ഹിജാബ് വിവാദത്തില്‍ (Hijab Row) പ്രതികരണവുമായി ദംഗല്‍ താരം സൈറ വസീം (zaira wasim). ട്വിറ്ററില്‍ കുറിച്ച നീണ്ട പോസ്റ്റിലാണ് സൈറ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിജാബ് ഒരു തെരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കല്‍പ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമില്‍ (Islam) ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്‌സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമില്‍ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കി.

നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതില്‍ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നതായും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഈ അനീതി ശരിയല്ല. മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണോ ഹിജാബ് വേണോ എന്നത് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അനീതിയാണെന്നും സൈറ പറഞ്ഞു.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ബോളിവുഡില്‍ നിന്ന് നേരത്തെയും അഭിപ്രായമുയര്‍ന്നിരുന്നു. ഗാനരചയിതാവ് ജാവേദ് അക്തര്‍, നടി സോനം കപൂര്‍ എന്നിവര്‍ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഹിജാബ് മുസ്ലീം വിശ്വാസത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് തടയുന്നത് മതസ്വാതന്ത്ര്യത്തില്‍ ഭരണഘടനാ ഉറപ്പ് ലംഘിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Scroll to load tweet…

കർണാടകയിലെ ഹിജാബ് പ്രതിഷേധം, 'ഹിജാബ് ഉപേക്ഷിക്കില്ല', ഐക്യദാർഢ്യവുമായി അധ്യാപികയുടെ രാജി

ബെഗളുരു: കർണാടകയിൽ (Karnataka) ഹിജാബ് പ്രതിഷേധങ്ങൾ (Hijab Row) തുടരുന്നതിനിടിയിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജി വച്ചു. കർണാടകയിലെ തുംകുരുവിലെ ജെയ്ൻ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അധ്യാപകരോടും വിദ്യാർത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളേജിനുള്ളിൽ ധരിക്കരുതെന്നാണ് കർണാടകയിലെ കോളേജുകൾ പറയുന്നത്. 

''കഴിഞ്ഞ മൂന്ന് വർഷമായി ജെയ്ൻ പിയു കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്ത് വരികയാണ് ഞാൻ. ഈ മൂന്ന് വർഷത്തിനിടയിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നലെ രാവിലെ ഞങ്ങളുടെ പ്രിൻസിപ്പൽ ഞങ്ങളെ വിളിച്ചു, ഞങ്ങൾ ഹിജാബ് ധരിക്കരുതെന്നും മത ചിഹ്നങ്ങൾ കോളേജിൽ നിരോധിച്ചതായും അറിയിച്ചു'' - ചാന്ദിനി പറഞ്ഞു. 

തന്റെ ആത്മാഹഭിമാനത്തെ ഹനിക്കുന്നതാണ് ഇത്, അതിനാൽ താൻ രാജിവയ്ക്കുന്നുവെന്നും ഹിജാബില്ലതെ താൻ കോളേജിൽ ജോലി ചെയ്യില്ലെന്നും ചാന്ദിനി പറഞ്ഞു. ചാന്ദിനി സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്തും അവർ പുറത്തുവിട്ടു. അതേസമയം അധ്യാപികയോട് ഹിജാബ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പൽ കെ ടി മഞ്ജുനാഥ് പ്രതികരിച്ചു. കർണാടകയിലെ ഉടുപ്പിയിലാണ് ഹിജാബിന്റെ പേരിലുള്ള തർക്കം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.