Asianet News MalayalamAsianet News Malayalam

വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ

ശശികല അടുത്ത ബുധനാഴ്ച ജയിൽ മോചിതയാകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ തുടരും.

Former AIADMK leader VK Sasikala tests  Covid positive
Author
Bengaluru, First Published Jan 21, 2021, 11:20 PM IST

ബെംഗളൂരു: ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ശശികല അടുത്ത ബുധനാഴ്ച ജയിൽ മോചിതയാകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ തുടരും.

പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ഇന്നലെ ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു.

അതേസമയം, ചികിത്സ ലഭിക്കാൻ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ശശികലയ്ക്ക് കർണാടകത്തിലും തമിഴ്നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നൽകണമെന്നാണ് പരാതിയിലെ ആവശ്യം.

Follow Us:
Download App:
  • android
  • ios