86-കാരനായ തരുൺ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ തലത്തിലേക്ക് ഉയർന്ന പ്രമുഖ നേതാവാണ് അദ്ദേഹം.
ദില്ലി/ ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുൺ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
അവശത അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുൺ ഗൊഗോയ്. 1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് നരസിംഹറാവുവിന്‍റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി.
പിന്നീട് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങിയ തരുൺ ഗൊഗോയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തിതബാർ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അദ്ദേഹം 2001-ൽ അസം മുഖ്യമന്ത്രിയായി. മികച്ച ഭരണം കാഴ്ച വച്ച അദ്ദേഹം, അതിന് ശേഷം മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന് അസം ഉറച്ച കോട്ടയായി. എന്നാൽ 2014-ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ക്ലീൻ സ്വീപ്പ് അസമിലും കോൺഗ്രസിന്‍റെ അടി തെറ്റിച്ചു. സിറ്റിംഗ് സീറ്റുകളിൽ പലതും കോൺഗ്രസിന് നഷ്ടമായി. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൊഗോയ്, 2016-ൽ നിയമസഭാതെരഞ്ഞെടുപ്പിന് കോൺഗ്രസിന്‍റെ നേതൃത്വം വഹിക്കാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ നീണ്ട 16 വർഷക്കാലത്തിന് ശേഷം അസമിൽ ബിജെപി ഭരണത്തിലേറി. സർബാനന്ദ സോനോവാൾ മുഖ്യമന്ത്രിയായി.
കോൺഗ്രസിന്‍റെ യുവനേതാവും കലിയബോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുൺ ഗൊഗോയുടെ മക്കൾ. ഭാര്യ ഡോളി ഗൊഗോയ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 23, 2020, 6:06 PM IST
Post your Comments