"പരസ്പരം വെറുക്കാൻ മതങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാൻ ആണ്. ഇത് എല്ലാവർക്കും അവകാശപ്പെട്ടതാണ്".
ദില്ലി: രാജ്യത്തെ മുസ്ലീങ്ങളെ മോശക്കാരായി കാണുന്ന നിലപാടിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. താനൊരു ഇന്ത്യൻ മുസ്ലീമാണെന്നും ചൈനീസ് മുസ്ലീമല്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇത് ഹിന്ദുസ്ഥാനാണ്, ഇവിടം എല്ലാവരുടേതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്തെ ഒന്നായി നിലനിർത്തണം. ഞാൻ മുസ്ലീമാണ്, പക്ഷേ ഒരു ഇന്ത്യൻ മുസ്ലീമാണ്. ഞാൻ ഒരു ചൈനീസ് മുസ്ലീമല്ല," ഫാറൂഖ് അബ്ദുള്ള പറഞ്ഞു. എൻസിപിയുടെ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷ പരിപാടിയായിരുന്നു വേദി. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ രണ്ട് ബിജെപി നേതാക്കൾ - ഒരു എംപിയും എംഎൽഎയും - മുസ്ലീങ്ങൾ എന്ന് തോന്നിക്കുന്ന സമുദായത്തെ 'സമ്പൂർണമായി ബഹിഷ്‌കരിക്കാൻ' ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന. ബിജെപി നേതാക്കളുടെ പ്രസംഗം പരക്കെയുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു.
"എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാൽ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം. അതിനെയാണ് സൗഹൃദം എന്ന് വിളിക്കുന്നത്. പരസ്പരം വെറുക്കാൻ മതങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല. ഇത് ഹിന്ദുസ്ഥാൻ ആണ്. ഇത് എല്ലാവർക്കും അവകാശപ്പെട്ടതാണ്." ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന് ഭരണഘടന പ്രകാരം നൽകിയിരുന്ന പ്രത്യേക പദവി 2019 ഓഗസ്റ്റിൽ റദ്ദാക്കിയതിനു ശേഷം ഒരു വർഷത്തോളം വീട്ടുതടങ്കലിലായിരുന്നു ഫാറൂഖ് അബ്ദുള്ള.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഗാനരചയിതാവ് ജാവേദ് അക്തർ, എൻസിപി നേതാവ് അജിത് പവാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജ്വലിക്കുന്ന പന്തം ചിഹ്നം താക്കറേ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. 1985ലെ തെരഞ്ഞെടുപ്പിൽ ശിവസേന ഈ ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്. മുംബൈയിലെ മസ്ഗാവ് മണ്ഡലത്തിൽ നിന്ന് അന്ന് ശിവസേനയ്ക്കായി വിജയിച്ചത് ഛഗൻ ഭുജ്ബൽ ആണ്. ഭുജ്ബൽ പിന്നീട് ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്നു, ഒടുവിൽ അദ്ദേഹം എൻസിപിയിലേക്ക് മാറി.
