ചെന്നൈ: കോണ്‍ഗ്രസിന്‍റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അപ്സരാ റെഡ്ഢി ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്ജെന്‍ഡറായിരുന്നു അപ്സര റെഡ്ഢി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചാണ് അപ്സര ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ടത്.

ഇന്ന് അണ്ണാ ഡിഎംകെയുടെ ഭാഗമായാണ് അപ്സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.  ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അപ്സര വെളിപ്പെടുത്തി. രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമാണെന്നും അപ്സര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൃത്യമായ പരിഗണന നല്‍കാത്തതിലെ അമര്‍ഷം കൂടിയായിരുന്നു രാജിക്ക് പിന്നില്‍. പാര്‍ട്ടിവിട്ടെത്തിയ അപസരയ്ക്ക് ചെന്നൈ ഒഎംആറില്‍ തന്നെ സീറ്റ് നല്‍കാനുള്ള ആലോചനയിലാണ് അണ്ണാ ഡിഎംകെ.  

2020 ജനുവരിയിലാണ്  രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത്. എഐഎഡിഎംകെയില്‍ നിന്നായിരുന്നു കോൺഗ്രസിൽ ചേർന്നത്. വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര അന്ന് പാര്‍ട്ടി വിട്ടത്.