ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റാകും. വ്യോമസേനയിൽനിന്ന് വിആർഎസ് എടുത്ത അഭിനന്ദൻ വർധമാൻ സ്വകാര്യ വിമാനക്കമ്പനിയായ 'ഫ്ലൈ91'ൽ കൊമേഴ്സ്യൽ പൈലറ്റായി പ്രവേശിച്ചു.
ദില്ലി: ഇന്ത്യൻ വ്യോമസേനയിലെ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റാകും. വ്യോമസേനയിൽനിന്ന് വിആർഎസ് എടുത്ത അഭിനന്ദൻ വർധമാൻ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ 'ഫ്ലൈ91'ൽ കൊമേഴ്സ്യൽ പൈലറ്റായി പ്രവേശിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ ബാലാകോട്ട് ആക്രമണത്തിനിടെ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതും പിന്നീട് ഇന്ത്യയ്ക്ക് കൈമാറിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ച അഭിനന്ദൻ വർധമാന് രാജ്യം വീരചക്ര നൽകി ആദരിക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദ് ഭീകരതാവളത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിലൂടെ ആണ് അഭിനന്ദൻ വർധമാൻ ശ്രദ്ധനേടിയത്. ശ്രീനഗർ കേന്ദ്രീകരിച്ചുള്ള 51 സ്ക്വാഡ്രനിലെ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാൻ മിഗ്-21 വിമാനം ഉപയോഗിച്ച് പാകിസ്ഥാൻ്റെ എഫ്-16 വിമാനത്തെ തുരത്തിയിരുന്നു.
ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിടുന്നതിനിടെ ആണ് അഭിനന്ദൻ വർധമാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പാകിസ്ഥാൻ്റെ പോർവിമാനത്തെ തുരത്തിയത്. പിന്നീട് എഫ്-16 വിമാനം പാക് അധീന കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം തകർന്നുവീണു. ഇതിനിടെ, പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ള മേഖലയിൽ വീണ അഭിനന്ദൻ വർധമാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു.
പാക് സൈന്യത്തിൻ്റെ കസ്റ്റഡിയിലായിട്ടും അഭിനന്ദൻ വർധമാൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകശ്രദ്ധനേടിയിരുന്നു. ഇന്ത്യ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലുകളുടെയും രാഷ്ട്രീയ സമ്മർദങ്ങളുടെയും ഫലമായി മൂന്നുദിവസത്തിനപ്പുറം പാകിസ്ഥാൻ അഭിനന്ദൻ വർധമാനെ വിട്ടയക്കേണ്ടിവന്നു. 2021ലാണ് അഭിനന്ദൻ വർധമാനെ രാജ്യം വീരചക്ര നൽകി ആദരിച്ചത്. പിന്നീട് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു.


