ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സത്യാഗ്രഹരീതിയില്‍ പ്രതിഷേധവുമായി മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തില്‍. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ നല്‍കാതെ പ്രതിഷേധിക്കാനാണ് മുന്‍ ഐഎഎസ് ഓഫീസറായ ശശികാന്ത് സെന്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അരികുവല്‍ക്കപ്പെടുന്നവര്‍ക്ക് പിന്തുണയുമായി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശശികാന്ത് ആവശ്യപ്പെടുന്നു. 

പൗരത്വ ബില്ല് ലക്ഷ്യമിടുന്നത് മുസ്‍ലിമുകളേയും ആദിവസികളേയുമാണ്. ഇപ്പോള്‍ത്തന്നെ മാറ്റി നിര്‍ത്തപ്പെട്ട അവസ്ഥയിലുള്ള ഇവരുടെ വിശ്വാസങ്ങളില്‍ പൗരത്വ ബില്ല് സൃഷ്ടിക്കുന്നത് ഉണങ്ങാത്ത മുറിവ് ആയിരിക്കും. തുറക്കാത്ത ചെവികളില്‍ ശബ്ദമെത്തിക്കാന്‍ സത്യാഗ്രഹമാണ് നല്ലതെന്നും ശശികാന്ത് സെന്തില്‍ പറയുന്നു. 

ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി പൗരത്വം തെളിയിക്കാനുള്ള ഒരു രേഖകളും സമര്‍പ്പിക്കില്ല. നിസ്സഹകരണത്തിന്‍റെ ഭാഗമായാണ് ഇത്. അതിന്‍റെ പേരില്‍ പൗരനല്ലെന്ന് പ്രഖ്യാപിച്ചാല്‍ രാജ്യത്ത് നിര്‍മ്മിച്ചിട്ടുള്ള ജയിലുകളില്‍ കഴിയാന്‍ സമ്മതമാണ് എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശശികാന്ത് സെന്തില്‍ നല്‍കിയിരിക്കുന്ന കത്ത് വിശദമാക്കുന്നത്. 

ശശികാന്ത് സെന്തിലിന്‍റെ കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി ആളുകളാണ് ശശികാന്ത് സെന്തിലിന്‍റെ പ്രതിഷേധ രീതിക്ക് പിന്തുണയുമായി എത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണെന്നും രാജ്യത്തെ വിഭജിക്കനുള്ള നീക്കമാണെന്നുമാണ് നിസ്സഹരണ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്നവര്‍ വിശദമാക്കുന്നത്. സഹജീവികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും വര്‍ഗീയമായി വേര്‍തിരിക്കുന്നതും ഒരു നിശബ്ദ കാഴ്ചക്കാരനെന്ന നിലയിൽ കണ്ടിരിക്കാന്‍ കഴിയില്ലെന്നും അതിലും ഭേദം ജയിലാണെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ശശികാന്ത് സെന്തിൽ  ആർട്ടിക്കിൾ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഈ വർഷം സെപ്റ്റംബറിലാണ് രാജിവെച്ചത്. ഗാന്ധി മാര്‍ഗത്തിലുള്ള ഈ പ്രതിഷേധ രീതിക്ക് പിന്തുണയുമായി നിരവധിയാളുകളാണ് എത്തുന്നത്.  അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍  ലോക്സഭ പാസാക്കിയത്. 

80 പേരാണ് ബില്ലിനെതിരായി വോട്ട് ചെയ്തത്. യുപിഎയും ഇടതുപക്ഷവും ബില്ലിനെതിരായി വോട്ടുചെയ്തു. 311 പേരുടെ വോട്ടോടെയാണ് ലോക്സഭ ബില്ല് പാസാക്കിയത്.  കടുത്ത ഭരണ - പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് ലോക്സഭ പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു.