കരൂര്‍: കര്‍ണാടക പൊലീസിലെ സിംഗം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുന്‍ ഐപിഎസുകാരന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 9 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം കര്‍ണാടക പൊലീസില്‍ നിന്ന് രാജി വച്ച കെ അണ്ണാമലൈയാണ് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച ഫേസ്ബുക്ക് ലൈവില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് കര്‍ണാടക പൊലീസിലെ സിംഗം തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി സൂചനയുള്ളത്. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ അണ്ണാമലൈ വിശദമാക്കിയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് നിലവിലെ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് അണ്ണാമലൈ വിശദമാക്കുന്നത്. അടുത്ത ഏപ്രില്‍ - മെയ് മാസങ്ങളിലാണ് തമിഴ്നാട്ടിലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഈ ജോലി ഇനിയും തുടരാനാവില്ല: ഐപിഎസ് ഓഫീസറുടെ വൈകാരികമായ രാജിക്കത്ത്

തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയാണ് അണ്ണാമലൈ. എന്‍ജിഒകളിലൂടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് അണ്ണാമലൈ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിക്കുന്നത്. കുടുംബത്തോടൊപ്പം നാട്ടില്‍ കൃഷിയും ചെയ്യുന്നുണ്ടെന്ന് അണ്ണാമലൈ പറയുന്നു. തന്‍റെ അനുഭവങ്ങള്‍ വ്യക്തമാക്കി ഒരു പുസ്തകം തയ്യാറാക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 2019 മെയിലാണ് അണ്ണാമലൈ സര്‍വ്വീസ് ജീവിതം അവസാനിപ്പിച്ചത്. ബെംഗളുരു സൌത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സര്‍വ്വീസ് അവസാനിപ്പിക്കുമ്പോള്‍ അണ്ണാമലൈ. രാജി പ്രഖ്യാപിച്ച് അണ്ണാമലൈ എഴുതിയ കുറിപ്പ് അന്ന് ഏറെ ചര്‍ച്ചയായിരുന്നു.