ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിനെതിരെ ഒമ്പത് മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രം​ഗത്ത്. പൊലീസിനെതിരെ ഇവർ ദില്ലി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.

പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തിയവരെ വേട്ടയാടുന്നത് വേദനാജനകമാണെന്ന് കത്തിൽ പറയുന്നു. ഭരണകക്ഷിയുടെ ഭാഗമായി നിന്ന് കലാപത്തെ ആളിക്കത്തിച്ചവർക്കെതിരെ നടപടിയില്ല. പൊലീസിന്റെ നടപടി ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തിൽ പരാമർശമുണ്ട്. 

 

കലാപവുമായി ബന്ധപ്പെട്ട്  പൊലീസ് സമര്‍പ്പിച്ച രേഖകളും നടത്തിയ അന്വേഷണങ്ങളും രാഷ്ട്രീയതാത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തിയവരെ വേട്ടടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു.മുന്‍ സ്‌പെഷ്യല്‍ സി.ബി.ഐ ഡയറക്ടര്‍ കെ സലീം അലി, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി മുന്‍ ഓഫീസര്‍ എ.എസ് ദുലത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ മുന്‍ ഡി.ജി ഷാഫി ആലം, പഞ്ചാബിലെ മുന്‍ ഡി.ജി.പി( ജയില്‍) മൊഹീന്ദര്‍ ഔലാഖ് എന്നിവരും കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു.

ദില്ലി കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍  ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന്   പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഉമര്‍ ഖാലിദിനെ പൊലീസ് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കലാപവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പൊലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

കേസില്‍ പൊലീസ് അന്വേഷണത്തിന് പിന്നിലാണ് ഗൂഢാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചിട്ടുണ്ട്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇത്. ഗോലി മാരോ എന്ന് മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസില്ല. ഗാന്ധിയെ പിന്തുടരുന്ന, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.