Asianet News MalayalamAsianet News Malayalam

ശാരദ ചിട്ടിതട്ടിപ്പു കേസ്; രാജീവ് കുമാർ സിബിഐക്ക് മുന്നിൽ ഹാജരായില്ല, മൊബൈൽ ഫോണും സ്വിച്ച് ഓഫ്

രാജീവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. 

former kolkata police commissioner rajiv kumar not appear beforecbi in saradha scam case
Author
Delhi, First Published Sep 14, 2019, 2:44 PM IST

ദില്ലി: 2500 കോടി രൂപയുടെ ശാരദ ചിട്ടിതട്ടിപ്പു കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ സിബിഐക്ക് മുന്നിൽ ഹാജരായില്ല. രാജീവ് കുമാറിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. ഇന്ന് രാവിലെ പത്തു മണിക്ക് ഹാജരാകാനായിരുന്നു രാജീവ് കുമാറിന് സിബിഐ നൽകിയ നിർദേശം. 

രാജീവ് കുമാർ ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങൾക്ക് സിബിഐ ജാഗ്രത നിർദേശം നൽകി. രാജീവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്. 

കഴിഞ്ഞ മെയ് മാസത്തിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.  അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്‍റെ വസതിയിൽ നേരിട്ടെത്തിയ സിബിഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറുകയായിരുന്നു. 

ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തൻ കൂടിയായ രാജീവ് കുമാറിനെ  ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Follow Us:
Download App:
  • android
  • ios