ഭോപ്പാല്‍: ലോക്ക് ഡൌണിനിടെ മരിച്ച ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചത് മുസ്ലിം യുവാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ദുര്‍ഗ എന്നാണ് സമീപവാസികള്‍ ഇവരെ വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഏറെ നാളായുള്ള ശാരീരിക അസ്വാസ്ഥ്യം മൂലം മരിച്ചത്. മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന മക്കള്‍ ഇന്‍ഡോറിലെത്തിയെങ്കിലും സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം ഇവരുടെ പക്കല്‍ ഇല്ലാതെ വന്നതോടെ അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍ ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

മൃതദേഹം സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന ഇടത്തേക്ക് ശവമഞ്ചലില്‍ എത്തിച്ചതും അയല്‍വാസികളായിരുന്നു. അകില്‍, അസ്ലം, മുദ്ദസര്‍,റഷീദ് ഇബ്രാഹിം, ഇമ്രാന്‍ സിറാജ് എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങുകളുടെ ചിത്രങ്ങള്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ട്വിറ്ററില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് യുവാക്കളെ അഭിനന്ദിച്ച് മുന്നോട്ട് വരുന്നത്.

 

നമ്മുടെ സാഹോദര്യത്തിന്‍റെ സംസ്കാരം ഇതാണെന്നും പരസ്പര സ്നേഹവും സമഭാവനയും ഉള്ളയിടങ്ങളിലേ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ്  കമല്‍നാഥ് ട്വീറ്റില്‍ കുറിക്കുന്നു. മനുഷ്യത്വത്തിന്‍റെ പ്രകടനമാണ് ഇത്തരം സംഭവങ്ങള്‍ മുന്നോട്ട് കൊണ്ടുവരുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.