Asianet News MalayalamAsianet News Malayalam

ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെങ്കിൽ ചിദംബരം പ്രതിയാകുന്നതെങ്ങിനെയെന്ന് മൻമോഹൻ സിംഗ്

  • ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിൽ ആശങ്ക
  • ഉദ്യോഗസ്ഥരുടെ ഐകകണ്ഠേനയുള്ള ശുപാർശയിൽ ഒപ്പിടുക മാത്രമാണ് ചിദംബരം ചെയ്‌തതെന്ന് മുൻ പ്രധാനമന്ത്രി
  • ഉദ്യോഗസ്ഥർ പ്രതികളാകാത്ത കേസിൽ ചിദംബരം മാത്രം പ്രതിയാകുന്നത് മനസിലാകുന്നില്ലെന്നും മൻമോഹൻ
Former PM Manmohan Singh raises concern on P chidambaram judicial custody
Author
New Delhi, First Published Sep 23, 2019, 10:58 PM IST

ദില്ലി: പി ചിദംബരത്തിനെതിരായ കേസിൽ അന്വേഷണ ഏജൻസികൾക്കെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഉദ്യോഗസ്ഥർ കുറ്റക്കാരല്ലാത്ത കേസിൽ പി ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ഇദ്ദേഹം ചോദിച്ചു.

"ഞങ്ങളുടെ സഹപ്രവർത്തകൻ പി ചിദംബരം തടവിൽ തന്നെ തുടരുന്നതിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. നമ്മുടെ ഭരണ സംവിധാനത്തിൽ, ഒരാൾക്ക് മാത്രമായി ഒരു തീരുമാനവും എടുക്കാൻ സാധിക്കില്ല. ഫയലുകളിൽ രേഖപ്പെടുത്തുന്ന സംയോജിത തീരുമാനങ്ങളാണ് എല്ലാം," മൻമോഹൻ സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

"ഒരു ഡസനോളം ഉദ്യോഗസ്ഥർ പരിശോധിച്ച് ശുപാർശ ചെയ്ത പദ്ധതിയാണത്. ഐകകണ്ഠേനയുള്ള ശുപാർശ മന്ത്രിയായിരുന്ന ചിദംബരം അംഗീകരിക്കുകയായിരുന്നു.  ഉദ്യോഗസ്ഥർ കുറ്റക്കാരല്ലായെങ്കിൽ, ശുപാർശയിൽ വെറുതെ ഒപ്പുവയ്ക്കുക മാത്രം ചെയ്ത ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെ എന്നത് ധാരണാശക്തിക്കും അപ്പുറമുള്ള കാര്യമാണ്," മുൻ പ്രധാനമന്ത്രി പറഞ്ഞു.

ഐഎൻഎക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയായ പി ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത്.  ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിന് എതിരായ കുറ്റം. ഇതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം.

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios