പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം.

ദില്ലി: സ്വന്തം രാഷ്ട്രീയ പാർട്ടി നിലവിൽ വന്നതായി പഞ്ചാബ് (Punjab) മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് (Amarinder Singh) പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അമരീന്ദർ സിംഗ് അറിയിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Scroll to load tweet…

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാൻഡ് വന്‍ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.