Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന് തിരിച്ചടി; മുൻ മന്ത്രിയായ പ്രമുഖ നേതാവ് പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിയിലേക്ക്

ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺ​ഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, കോൺ​ഗ്രസ് പാർട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങൾ അം​ഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. 

former punjab minister and congress leader manpreet singh badal joins bjp
Author
First Published Jan 18, 2023, 1:33 PM IST

അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. കോൺ​ഗ്രസിൽ നിന്ന് അദ്ദേഹം രാജിവച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്.

ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺ​ഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, കോൺ​ഗ്രസ് പാർട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങൾ അം​ഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. പാർട്ടിക്കുള്ളിലെ വിഭാ​ഗീയതയ്ക്ക് കാരണം ഉന്നതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

ദില്ലിയിൽ നിന്നുള്ള നേതാക്കൾക്കെതിരെയാണ് മൻപ്രീത് സിംഗ് ബാദലിന്റെ വിമർശനം. കോൺഗ്രസ് പാർട്ടി അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും തീരുമാനങ്ങളും അം​ഗീകരിക്കാൻ സാധിക്കില്ല. ത്യേകിച്ച് പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരാശാജനകമാണ്. പാർട്ടിയെ തളർത്തുന്ന വിഭാ​ഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം ചിലർ അത് കൂട്ടാനായി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

അഞ്ച് തവണ എംഎൽഎയായ മൻപ്രീത് ബാദൽ രണ്ട് തവണ സംസ്ഥാന ധനമന്ത്രിയും ആയിട്ടുണ്ട്. പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബാദലിന്റെ തുടർച്ചയായ അഭാവം നേരത്തെ തന്നെ ചർച്ചയായി മാറിയിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗും മൻപ്രീത് സിം​ഗുമായി പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 

കോൺ​ഗ്രസ് ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഭാരത് ‍ജോഡോ യാത്ര പഞ്ചാബിലെ പര്യടനം കഴിഞ്ഞ് ഇന്നാണ് ഹിമാചൽ പ്രദേശതിൽ പ്രവേശിച്ചത്. ഇതിനിടെ സംസ്ഥാനത്തെ പ്രമുഖ നേതാവ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത് വൻ തിരിച്ചടി തന്നെയാണ്. അതേസമയം,  വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയപതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും.

Follow Us:
Download App:
  • android
  • ios