മുസാഫർപൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ബീഹാറിലെ മുസഫർപൂരിലാണ് സംഭവം. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുന്ദൻ കുമാർ പറഞ്ഞു.
 
മധുസൂദനൻ സാഹ്‌നി, കൗശൽ കുമാർ, ധർമേന്ദ്ര സാഹ്‌നി, വീർ കുമാർ സാഹ്‌നി എന്നിവരാണ് മരിച്ചത്. മിനാപൂർ ബ്ലോക്കിലെ മധുബൻ കാന്തി ഗ്രാമത്തിലാണ് സംഭവം. പുതുതായി നിർമ്മിച്ച സെപ്റ്റിക് ടാങ്കിന്റെ പലകത്തട്ട്‌ നീക്കംചെയ്യാൻ പോയ ഒരാൾ അബദ്ധത്തിൽ ടാങ്കിൽ വീണു. തുടർന്ന് ഇയാൾ വിഷവാതകം ശ്വസിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.  

മറ്റ് മൂന്നുപേർ ഇയാളെ രക്ഷിക്കാൻ എത്തുകയും ടാങ്കിൽ പ്രവേശിച്ച് ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്ന് കുന്ദൻ കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ശ്രീ കൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.