എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്
ജയ്പൂർ: വാഹനാപകടത്തിൽ നാല് ഡോക്ടർമാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ട്രക്കും എസ്‍യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം നടന്നത്.
ഭാരത്‌മാല എക്‌സ്‌പ്രസ്‌വേയിൽ നൗറംഗ്‌ദേശർ - റസിസ്സറിന് സമീപമാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ എസ്‍യുവിയുടെ ഭാഗങ്ങള്‍ റോഡില്‍ തെറിച്ചുവീണു. അപകടത്തിൽ മരിച്ച അഞ്ച് പേരിൽ നാല് പേരും ഡോക്ടർമാരാണ്, ഡോ. പ്രതീക്, ഭാര്യ ഡോ. ഹേതൽ, ഡോ. പൂജ, ഭർത്താവ് ഡോ കരൺ എന്നിവരാണ് മരിച്ചത്. പൂജയുടെയും കരണിന്‍റെയും മകളും അപകടത്തില്‍ മരിച്ചു. അഞ്ചു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഗുജറാത്തിലെ കച്ച് സ്വദേശികളാണ് ഡോക്ടര്‍മാർ. സർക്കാർ ആശുപത്രികളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. എങ്ങനെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് ബികാനീർ എസ്പി തേജ്സ്വിനി ഗൌതം പറഞ്ഞു.
