ശ്രീനഗർ: ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾക്കിടെ ജമ്മു കശ്മീരിൽ നാല് ഭീകരർ പിടിയിലായി. ഹിസ്‌ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേരെയാണ് ജമ്മു കശ്മീരിലെ കിഷ്‌ത്‌വാർ ജില്ലയിൽ നിന്ന് പിടികൂടിയത്.

ഫാറൂഖ് ഭട്ട്, മൻസൂർ ഗാനി, മസൂദ്, നൂർ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇതോടെ എൻഐഎ കിഷ്‌ത്‌വാറിൽ നിന്ന് പിടികൂടിയവരുടെ എണ്ണം 16 ആയി. ദോഡ, കിഷ്‌ത്‌വാർ ജില്ലകളിൽ മുൻപുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹിസ്‌ബുൾ.

തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട് പത്ത് വർഷത്തോളം പിന്നിട്ടപ്പോഴാണ് കിഷ്‌ത്‌വാറിൽ വീണ്ടും ഭീകരർ പിടിമുറുക്കിയത്. കഴിഞ്ഞ നവംബറിൽ ബിജെപി, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തോടെയായിരുന്നു ഹിസ്ബുൾ ഭീകരർ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ചത്. എന്നാൽ ഈ കൊലപാതകത്തിന്റെ മുഖ്യപ്രതികളിലൊരാളായ ഒസാമയെ കഴിഞ്ഞ ദിവസം സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.