സാമ്പൽ: വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണതിനെ തുട‍ർന്ന് കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു. ഉത്ത‍ർപ്രദേശിലെ സാമ്പൽ ജില്ലയിൽ പെടിയൻ എന്ന ഗ്രാമത്തിലാണ് സംഭവം. വിഷ്ണു (11) ശിവം (ഏഴ്), ധരംവീർ (11), ഗണേഷ് (11) എന്നിവരാണ് മരിച്ചത്.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം കുളത്തിന് സമീപത്ത് കൂടി പോയ ഒരു ക‍ർഷകനാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഇവരിൽ രണ്ട് പേർ സഹോദരങ്ങളാണ്.

കുളത്തിന് സമീപത്തെ ട്രാൻസ്ഫോർമറിലേക്കുള്ള കമ്പി പൊട്ടി കുളത്തിൽ വീണതെന്നാണ് നിഗമനം. കുട്ടികളുടെ പോസ്റ്റുമോ‍ർട്ടം റിപ്പോ‍ർട്ട് കൂടി പുറത്തുവന്ന ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല കളക്ടർ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.