മുംബൈ: മഹാരാഷ്ട്രയിൽ രാജിവച്ച നാല് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. എൻസിപി എംഎൽഎമാരായ ശിവേന്ദ്ര രാജെ ഭോസ്‍ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോൺഗ്രസ് എംഎൽഎ കാളിദാസ് കൊളംബ്കർ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്ക് പുറമേ, എൻസിപിയിലെ മുതിർന്ന നേതാവ് മധുകർ പിച്ചഡ്, മഹിളാ വിഭാഗം അധ്യക്ഷ പദം രാജിവച്ച ചിത്ര വാഗ് എന്നിവരും ബിജെപിയിൽ ചേർന്നു. 

മുബൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇവർക്ക് പാർട്ടി അംഗത്വം നൽകിയത്. എൻസിപി നേതാവായ ഗണേശ് നായികും 52 നവി മുംബൈ കൗൺസിലർമാരും ഇന്ന് ബിജെപിയിൽ ചേരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ഇവർ ചടങ്ങിന് എത്തിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ നേതാക്കള്‍ കൂറുമാറിയത് തിരിച്ചടിയാവുമെന്നാണ് നിരീക്ഷണം.