ലോവ: ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ നാല്‌ പേരെ അമേരിക്കയില്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‌ പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നാണ്‌ കണ്ടെത്തിയത്‌.

അമേരിക്കയിലെ വെസ്‌റ്റ്‌ ഡെസ്‌ മൊയിന്‍സിലാണ്‌ സംഭവം.ശനിയാഴ്‌ച്ച രാവിലെയാണ്‌ കൊലപാതകവിവരം പുറത്തറിഞ്ഞത്‌. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. നാല്‌ പേരുടെയും മൃതദേഹത്തില്‍ നിന്ന്‌ നിരവധി വെടിയുണ്ടകളാണ്‌ പൊലീസ്‌ കണ്ടെടുത്തത്‌.

സങ്കാരയുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികള്‍ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ്‌ മൃതദേഹങ്ങള്‍ കണ്ടത്‌. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിന്‌ പിന്നില്‍ ആരാണെന്നോ കാരണമെന്താണെന്നോ ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ്‌ വ്യക്തമാക്കി.