ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാനാരംഭിച്ചത്.
ഭുവനേശ്വര്‍: ഒഡിഷ തീവണ്ടിയപകടത്തിൽ മരിച്ച 28 പേരുടെ സംസ്കാരം നടത്തി. തിരിച്ചറിയാത്തതിനാൽ നാലു മാസമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങൾ. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാനാരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എയിംസ് ഭുവനേശ്വര്‍ മൃതദേഹങ്ങള്‍ കൈമാറിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒന്‍പത് മൃതദേഹങ്ങളാണ് മുനിസിപ്പൽ കോർപ്പറേഷന് കൈമാറിയത്. ട്രെയിന്‍ ദുരന്തമുണ്ടായ ജൂണ്‍ മാസം മുതല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സംസ്കാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പൽ കോർപ്പറേഷന്‍ അധികൃതര്‍ വിശദമാക്കി. അപകടത്തിന് പിന്നാലെ ഭുവനേശ്വറിലെ എയിംസിലേക്ക് എത്തിച്ചത് 162 മൃതദേഹങ്ങളായിരുന്നു. ഇതില്‍ 81 മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
ഡിഎന്‍എ പരിശോധനകള്‍ക്ക് പിന്നാലെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ 28 മൃതദേഹങ്ങള്‍ക്ക് ഇനിയും അവകാശികളെത്താത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്തുന്നത്. ജൂൺ 2ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമാര്‍ - ചെന്നൈ കോറമണ്ടൽ എക്‌സ്‌പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റുകയും, 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്. സംഭവത്തില്‍ 296 പേരാണ് കൊല്ലപ്പെട്ടത്. 1,200 പേർക്കാണ് ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റത്.
